പയ്യന്നൂർ: സംസ്ഥാന സർക്കാറിന്റെ 'എന്റെ കൃഷി എന്റെ ആരോഗ്യം' സ്വയംപര്യാപ്തത പച്ചക്കറി ഗ്രാമം എന്ന പദ്ധതി സാക്ഷാത്ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ വെള്ളൂർ ബാങ്ക് ആരംഭിച്ച പച്ചക്കറി ക്ലസ്റ്റർ പദ്ധതിയിലൂടെ വെള്ളൂർ ഗ്രാമം ജൈവ പച്ചക്കറി ഉൽപ്പാദന രംഗത്ത് സ്വാശ്രയത്വം കൈവരിച്ചു. പയ്യന്നൂർ കൃഷിഭവന്റെ സഹകരണത്തോടെ വെള്ളൂർ സർവീസ് സഹകരണ ബാങ്ക് നടത്തിയ പച്ചക്കറി ക്ലസ്റ്റർ പദ്ധതിയിലൂടെയാണ് വെള്ളൂർ ഈ ഹരിത നേട്ടം കൈവരിച്ചത്. കഴിഞ്ഞ സിസംബറിൽ സി. കൃഷ്ണൻ എം .എൽ. എയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
തിരഞ്ഞെടുക്കപ്പെട്ട 30കർഷകർ പന്ത്രണ്ടരയേക്കർ സ്ഥലത്താണ് ജൈവ പച്ചക്കറി കൃഷിയിറക്കിയത്. വിത്തും വളവും ബാങ്ക് നൽകി. ഒന്നരയേക്കർ ഭൂമിയിൽ ബാങ്ക് ജീവനക്കാരും കർഷകർക്കൊപ്പം കൃഷിയിൽ പങ്കുചേർന്നു. പയ്യന്നൂർ കൃഷി ഓഫീസർ കെ. സുനീഷ്, ബാങ്ക് പ്രസിഡന്റ് വി. കുഞ്ഞികൃഷ്ണൻ , സെക്രട്ടറി കെ. തങ്കമണി തുടങ്ങിയവർ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി പദ്ധതി നയിച്ചു. കഴിഞ്ഞ ഒന്നര മാസമായി ബാങ്കിന്റെ പ്രധാന ശാഖക്ക് സമീപം പ്രവർത്തിക്കുന്ന 'ജീവനി' ഡിപ്പോവിൽ പച്ചക്കറി വാങ്ങാൻ ദിനംപ്രതി നൂറിലേറെ പേർ എത്തുന്നുണ്ട്. കോവിഡ് മുൻകരുതലായി എല്ലാവിധ ആരോഗ്യ സുരക്ഷാ മുൻകരുതലുകളും പാലിച്ച് കൊണ്ടാണ് ഇപ്പോഴുള്ള വിൽപന.വെള്ളരി ,കുമ്പളം ,മത്തൻ ,പടവലം ,ചീര ,വെണ്ട ,കയ്പ തുടങ്ങി പതിനഞ്ചോളം ഇനങ്ങളാണ് വിൽപനക്കുള്ളത്. ഇതോടൊപ്പം പച്ചക്കറി വിത്ത് ശേഖരണവും വിതരണവും നടക്കുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന പച്ചക്കറിക്ക് പകരം മറ്റൊരു പച്ചക്കറി വാങ്ങിപോകാനുള്ള സൗകര്യവും ഇവിടെയുണ്ട്. വെളളൂർ ബാങ്ക് ശതാബ്ദി വർഷത്തിലാണ് ഈ പദ്ധതി തുടങ്ങിയത്..1500 ഓളം കുടുംബങ്ങൾ ജൈവ പച്ചക്കറി ഉൽപ്പാദനവിൽപ്പന വിതരണ ശൃംഖലകളിൽ പങ്കാളികളായതായി ബാങ്ക് അധികൃതർ പറഞ്ഞു.