കണ്ണൂർ: ജില്ലയിൽ ഒരാൾക്കു കൂടി ഞായറാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ ടി.വി. സുഭാഷ് അറിയിച്ചു. ചെറുവാഞ്ചേരി സ്വദേശിയായ 81കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽ നിന്നെത്തിയവരിൽ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. സമ്പർക്കം വഴി കൊറോണ ബാധ സ്ഥിരീകരിക്കുന്ന ജില്ലയിലെ ആദ്യ കേസാണിത്.

ഇതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം 53 ആയി. ഇവരിൽ 19 പേർ സുഖംപ്രാപിച്ച് ആശുപത്രി വിട്ടു. ജില്ലയിൽ നിലവിൽ 10430 പേരാണ് കോവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നത്. 39 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും, 10 പേർ ജില്ലാ ആശുപത്രിയിലും 15 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 23 പേർ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലും 10343 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയിൽ നിന്നും 585 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 524 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 474 എണ്ണം നെഗറ്റീവ് ആണ്. 61 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.