പേരാവൂർ: പേരാവൂർ എക്‌സൈസും വനം വകുപ്പും ചേർന്ന് അടക്കാത്തോട് രാമച്ചി ശാന്തിഗിരി ഭാഗങ്ങളിൽ നടത്തിയ സംയുക്ത റെയ്ഡിൽ യക്ഷിക്കോട്ട വനഭാഗത്തിനു സമീപമുള്ള തോട്ടുചാലിൽ പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രം കണ്ടെത്തി തകർത്തു. ഇവിടെ ചാരായം വാറ്റാൻ പാകപ്പെടുത്തി സൂക്ഷിച്ച 250 ലിറ്റർ വാഷ് നശിപ്പിച്ചു.
തോടിനു സമീപം പ്രത്യേകം തയ്യാറാക്കിയ കുഴിയിൽ പ്ലാസ്റ്റിക് ഷീറ്റുവിരിച്ച് ഒരുക്കിയ ടാങ്കിലാണ് കശുമാങ്ങ ഉപയോഗിച്ചുണ്ടാക്കിയ വാഷ് നിറച്ചിരുന്നത്. വാറ്റു കേന്ദ്രത്തിലേക്ക് വെള്ളം എത്തിക്കാൻ ഉപയോഗിച്ച പൈപ്പും കലമുൾപ്പെടെയുള്ള വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു.കോവിഡ് 19 പ്രതിരോധ ലോക്ഡൗണിന്റെ ഭാഗമായി മദ്യഷാപ്പുകൾ അടച്ചതോടെ അടക്കാത്തോട് ശാന്തിഗിരി ഭാഗങ്ങളിൽ ചാരായം നിർമ്മിക്കാനുള്ള നീക്കമാണ് സംയുക്ത റെയ്ഡിലൂടെ തടഞ്ഞത്. വാഷ് തയ്യാറാക്കി സുക്ഷിച്ചവരെ കുറിച്ച് അന്വേഷണം നടത്തിവരുന്നു.
.എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്.എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ പി.സി.ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, കെ.എ.ഉണ്ണിക്കൃഷ്ണൻ, പി.എസ്.ശിവദാസൻ, എൻ.സി.വിഷ്ണു, റിനീഷ് ഓർക്കാട്ടേരി, വനിത സിവിൽ എക്‌സൈസ് ഓഫീസർ കെ.കെ.അമൃത എന്നിവരും കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ച് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.സി.അനീഷ്, ട്രൈബൽ വാച്ചർ സി.ഗണേഷ് എന്നിവരും റെയിഡിൽ പങ്കെടുത്തു.