മാഹി :നിസാമുദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ന്യൂ മാഹിയിലെ രണ്ടുപേരെ കോവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ആശുപത്രി നിരീക്ഷണത്തിലാക്കി. തലശ്ശേരി ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിലാണ് ഇവരുള്ളത്.
ആകെ 296 പേരാണ് ശനിയാഴ്ച വരെ ന്യൂ മാഹി പഞ്ചായത്തിൽ നിരീക്ഷണത്തിലുള്ളത്. 40 പേരെ നിരീക്ഷണ കാലാവധി കഴിഞ്ഞതിനാൽ പട്ടികയിൽ നിന്നൊഴിവാക്കി. ശനിയാഴ്ച വരെ മാഹി മേഖലയിലെ വീടുകളിൽ നിരീക്ഷണത്തിലുള്ളത് 131 പേരാണ്. 14 ദിവസം പിന്നിട്ടതിനാൽ 58 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കിട്ടുണ്ട്. ഒരാളെ പുതുതായി ഉൾപ്പെടുത്തി.


പുതുച്ചേരിയിൽ 3025 പേർ നിരീക്ഷണത്തിൽ
മഹി:പുതുച്ചേരിസംസ്ഥാനത്ത് 3025 പേരാണ് കൊറോണാ വൈറസ് നിരീക്ഷണത്തിലുള്ളതെന്ന് മുഖ്യമന്ത്രി വി.നാരായണസ്വാമി അറിയിച്ചു.നിസാമുദ്ദീനിൽ നിന്നെത്തിയ 6 പേരിൽ 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇവരുടെ കുടുംബാംഗങ്ങളായ 17 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

അതിർത്തിയിൽ കൊവിഡ് പ്രതിരോധത്തിലേർപ്പെട്ട്
തലശ്ശേരി, പാനൂർ അഗ്നിശമനാംഗങ്ങൾ

തലശ്ശേരി: കർണ്ണാടക അതിർത്തിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് തലശ്ശേരി, പാനൂർ സ്‌റ്റേഷനുകളിലെ ആറംഗ അഗ്നിശമന സേനാംഗങ്ങൾ. കേരള കർണാടക അതിർത്തിയായ തലപ്പാടിയിൽ അതിർത്തി കടന്നു വരുന്ന ചരക്കുവാഹനങ്ങളാണ് ഇവർ അണു വിമുക്തമാക്കുന്നത്. സോഡിയം ഹൈപ്പോ ക്ലോറൈഡ് വെള്ളത്തിൽ ചേർത്താണ് ശുചീകരണം. രണ്ട് ഷിഫ്റ്റുുകളിലാണ് ജോലി. തലശ്ശേരി റസ്‌ക്യൂ ഓഫിസർമാരായ വിനീഷ് നെയ്യോത്ത്, ബൈജു കോട്ടായി, ബിനീഷ്, പാനൂർ സ്‌റ്റേഷനിലെ റസ്‌ക്യൂ ഉദ്യോഗസ്ഥരായ ഷൈജു, വൈശാഖ്, ലിനീഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്.