കണ്ണൂർ: കൊറോണ എന്ന മഹാമാരി ഉണ്ടാക്കിയ അന്ധകാരത്തിൽ നിന്നും പ്രകാശം പരത്തി സാമൂഹിക ഐക്യത്തിനായി ജനങ്ങളെ ആഹ്വാനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നതിനുപകരം പരിഹസിച്ച് പ്രസ്താവന ഇറക്കുന്ന കെ.സുധാകരന് മാനസികവിഭ്രാന്തി സംഭവിച്ചിരിക്കുന്നതായി ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസൻ പ്രസ്താവിച്ചു.
മറ്റ് രാജ്യങ്ങളിൽ രോഗം പടരുന്ന നിരക്കും മരണനിരക്കും ക്രമാതീതമായി വർദ്ധിക്കുമ്പോൾ ഇന്ത്യയിൽ താരതമ്യേന കുറവാണ്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടലുകളും ജനങ്ങൾ ജാഗ്രത പാലിച്ചതും കാരണമാണ് ഇന്ത്യയിൽ വൈറസ് വ്യാപനവും മരണവും താരതമ്യേന കുറഞ്ഞത് . ജനതാ കർഫ്യൂ, മണി മുഴക്കം, സാമൂഹ്യ അകലം പാലിക്കൽ എന്നിവയൊക്കെ ചെയ്യുക വഴി ഇന്ത്യൻ ജനത ലോകരാഷ്ട്രങ്ങൾക്ക് വലിയ മാതൃകയായിരിക്കുകയാണ്.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ നാടിനു വേണ്ടി ഒന്നും ചെയ്യാത്ത ജനപ്രതിനിധി കുപ്രചരണ പണ്ഡിതനായി മാറാതിരിക്കട്ടെയെന്നും ഹരിദാസൻ പറഞ്ഞു.