അഴിയൂർ: അഴിയൂർ എക്‌സൈസ് ചെക്ക് പോസ്റ്റിനു സമീപം ബൈക്കിൽ കടത്തുകയായിരുന്ന എട്ട് കുപ്പി വിദേശമദ്യം മാഹി വിദേശ മദ്യം പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് ശേഷം അഴിയൂരിൽ വെച്ച് നടന്ന വാഹന പരിശോധനയ്ക്കിടെ സി.ഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് മദ്യം പിടി കൂടിയത്. ചേറോഡ് ഈസ്റ്റ് സ്വദേശികളായ എം. മനു (26) ശരത് രാജ് (27) എന്നിവരെ അറസ്റ്റുചെയ്തു. പ്രതികൾക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ചോമ്പാല ഇൻസ്‌പെക്ടർ ടി.പി സുമേഷ്, എസ്.ഐ നിവിൽ , അഡീ. എസ്.ഐമാരായ അബ്ദുൾ സലാം, വിശ്വനാഥൻ,പ്രൊബോഷണറി എസ്.ഐ അനൂപ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മദ്യം വാങ്ങിയത് മാഹി റെയിൽവെ സ്റ്റേഷനു സമീപമുള്ള ഒരു വീട്ടിൽ നിന്നാണെന്ന് വിവരം കിട്ടിയത് പ്രകാരം പരിശോധന നടത്തിയതിൽ കൂടുതലായി മാഹി വിദേശമദ്യം കാണപ്പെടുകയും മദ്യം സൂക്ഷിച്ച വീട്ടുകാരനും സുഹൃത്തുമായ ടി.സി ജയശങ്കർ (45), ചപ്പാരത്ത്, പ്രവീൺ കുമാർ (48) ചപ്പാരത്ത് അഴിയൂർ എന്നിവരെയും അറസ്റ്റുചെയ്തു.
ബാങ്കിൽ പോവണ്ട;
പണം വീട്ടിലെത്തും
പയ്യാവൂർ: പയ്യാവൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപമുള്ള ഏതൊരാൾക്കും പണം വീട്ടിലെത്തും. അക്കൗണ്ട് നമ്പറും, പേരും, മേൽവിലാസവും, ഫോൺ നമ്പറും ആവശ്യമുള്ള തുകയും വാട്ട്സ് ആപ്പ് ചെയ്താൽ മതി. അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിനും സ്ഥിര നിക്ഷേപത്തിനും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും സേവനങ്ങൾക്ക് യാതൊരു സർവ്വീസ് ചാർജ്ജും ഈടാക്കുന്നതല്ലായെന്നും ബാങ്ക് പ്രസിഡന്റ് ടി.എം ജോഷി അറിയിച്ചു. ഫോൺ:9400 10 59 02.
ആവശ്യമരുന്നുകൾ വീട്ടിലെത്തിക്കും
പയ്യാവൂർ:പയ്യാവൂർ സർവ്വീസ് സഹകരണ ബേങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിൽ നിന്നും 10 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ വീട്ടിൽ എത്തിക്കും. പയ്യാവൂർ പഞ്ചായത്തിലുള്ള ഏതൊരാൾക്കും ആവശ്യമുള്ള മരുന്നിന്റെ പേരും, രോഗിയുടെ മേൽവിലാസവും, ഫോൺ നമ്പറും വാട്ട്സ് ആപ്പ് നമ്പറിലേക്ക് മെസേജ് അയച്ചാൽ മതി. ഈ സേവനത്തിന് സർവ്വീസ് ചാർജ്ജ് ഈടാക്കുന്നതല്ല. ഫോൺ:8281 866 525.