കണ്ണൂർ: കണ്ണൂരിൽ കൊവിഡ് ബാധിതനായ വൃദ്ധന്റെ നില ഗുരുതരമായി തുടരുന്നു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചെറുവാഞ്ചേരിയിലെ 81 കാരനാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. അതിനിടെ ജില്ലയിൽ ചികിത്സയിലുണ്ടായിരുന്നവരിൽ നാല് പേർ കൂടി ആശുപത്രി വിട്ടു.
കഴിഞ്ഞ മാസം 81കാരന്റെ മകളും അവരുടെ മക്കളും ഗൾഫിൽ നിന്നും എത്തിയിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇവർക്ക് ഇതുവരെ രോഗലക്ഷണങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ മൂന്ന് ദിവസം മുൻപ് പനിയും ജലദോഷവും ഉണ്ടായതിനെ തുടർന്ന് എൺപത്തിയൊന്നുകാരൻ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ഇയാളെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
ശ്വാസകോശ രോഗങ്ങളും ഹൃദ്രോഗവുമുള്ളതുകൊണ്ടാണ് സ്ഥിതി ഗുരുതരമായതെന്നാണ് മെഡിക്കൽ കോളേജ് വൃത്തങ്ങൾ നൽകുന്ന വിവരം. 81കാരൻ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇയാളുടെ മകളുടെയും അവരുടെ മക്കളുടേയും സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയയ്ക്കും.
സമ്പർക്കം വഴി രോഗം ബാധിച്ച ജില്ലയിലെ ആദ്യ കേസാണിത്. കണ്ണൂർ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 53 ആയി. 19 പേർക്ക് ജില്ലയിൽ രോഗം ഭേദമായി. ജില്ലയിൽ നിലവിൽ 10,430 പേരാണ് നിരീക്ഷണത്തിലുള്ളത്. 87 പേർ ആശുപത്രികളിലാണുള്ളത്. 61 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുമുണ്ട്. ഇന്നും നാളെയുമായി ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.