കണ്ണൂർ: വേനൽ കനത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ കണ്ണൂരിൽ ടാങ്കർ ലോറികളിൽ ജലവിതരണം ആരംഭിക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കണ്ണൂർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശം നൽകി. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങൾ കണ്ടെത്തി ജലവിതരണം ഉറപ്പാക്കാനുള്ള ചുമതല പഞ്ചായത്ത് സെക്രട്ടറിമാർക്കാണ്.
ജല വിതരണത്തിൽ അപാകതയില്ലെന്ന് ഉറപ്പാക്കാൻ ജി.പി.എസ് ട്രാക്കിംഗ് സംവിധാനമുള്ള ടാങ്കർ ലോറികൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദ്ദേശം. നിരീക്ഷണത്തിന് മോണിറ്ററിംഗ് സംവിധാനവും ഏർപ്പെടുത്തും. ജല അതോറിറ്റിയുടെ 20 ഫില്ലിംഗ് സ്റ്റേഷനുകളിൽ നിന്ന് കുടിവെള്ളം ടാങ്കറുകളിൽ നിറക്കും. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ശുദ്ധജല ക്ഷാമം പ്രതിസന്ധി ഉണ്ടാക്കുന്നതാണ് അടിയന്തര പ്രാധാന്യത്തോടെ കുടിവെള്ള വിതരണത്തിന് നടപടി സ്വീകരിക്കാൻ കാരണം. രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിച്ചേ കുടിവെള്ള വിതരണം നടത്താനാകൂയെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി.ജെ അരുൺ വ്യക്തമാക്കി. ലോക്ക്‌ഡൗണിനെ തുടർന്ന് കുട്ടികളും മുതിർന്നവരുമെല്ലാം മുഴുവൻ സമയവും വീടുകളിൽ തന്നെയായതോടെ ഗാർഹിക കണക്ഷനുകളിൽ വെള്ളത്തിന്റെ ഉപയോഗം കുത്തനെ ഉയർന്നിട്ടുണ്ട്. വരൾച്ച മുന്നിൽ കണ്ട് ജാഗ്രത വേണമെന്നാണ് അധികൃതർ പറയുന്നത്.