കാസർകോട്: അപ്രതീക്ഷിതമായുണ്ടായ ലോക്ക് ഡൗണിൽ ജീവിതവൃത്തി നഷ്ടപ്പെട്ടവരിൽ മുത്തപ്പൻ മടപ്പുരകളിലെ മടയൻമാരും. ദൈവഹിതമനുസരിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിൽ മറ്റ് ആചാരസ്ഥാനീയർക്ക് ലഭിക്കുന്ന പെൻഷൻ പോലും ഇല്ലാത്ത ഈ വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് കോവിഡ് കാലം നൽകുന്നത്.
മലബാറിലെ ആചാര സ്ഥാനികർക്ക് മലബാർ ദേവസ്വം ബോർഡ് മുഖേന ക്ഷേമനിധി അനുകൂല്യവും പ്രതിമാസ സാമ്പത്തിക സഹായവും നൽകിവരുമ്പോഴും മുത്തപ്പൻ മടപ്പുരകളിലെ മടയന്മാർ അർഹരുടെ പട്ടികയ്ക്ക് പുറത്താണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കർണ്ണാടകയുടെ ചില ഭാഗങ്ങളിലുമായുള്ള ആയിരത്തോളം മടപ്പുരകളിലായി 2500 ത്തോളം മടയന്മാർ, ആൾമടയന്മാർ, കലശക്കാരൻ എന്നീ ആചാരക്കാരുണ്ട്. കർണ്ണാടകയിലെ സോമവാർ പേട്ട, മടിക്കേരി, മംഗളുരു, ധർമ്മസ്ഥല, ശക്തിനഗർ, സുള്ള്യ, സുബ്രഹ്മണ്യം എന്നിവിടങ്ങളിലും മുത്തപ്പൻ മടപ്പുരകളുണ്ട്. അവിടെയെല്ലാം മടയന്മാർ മലയാളികളാണ്. ഒരു മടപ്പുരയിൽ മൂന്ന് പേരാണ് ദൈവഹിതം നിർവ്വഹിക്കുന്നത്.
കൊവിഡ് നിയന്ത്രണം കാരണം മടപ്പുരകൾ അടഞ്ഞതോടെ മലബാറിലെ ആചാരക്കാർ മുഴുപട്ടിണിയിലായി. മുത്തപ്പൻ, തിരുവപ്പന കെട്ടിയാടുമ്പോൾ കിട്ടുന്ന ദക്ഷിണയാണ് മടയന്മാരുടെ വരുമാനം.കർശനനിയന്ത്രണം കാരണം വീടുകളിലെ മുത്തപ്പൻ പതികളിൽ തെയ്യം കെട്ടുന്നതും നിലച്ചതോടെ അങ്ങിനെ കിട്ടുന്ന ദക്ഷിണയും ഇല്ലാതായി.
മുത്തപ്പൻ, തിരുവപ്പന, ഊട്ടും വെള്ളാട്ടം എന്നിവയ്ക്ക് പോയാൽ വീട്ടുകാർ മടയന്മാർക്ക് ദക്ഷിണ നൽകുന്ന പതിവുണ്ട്. ഭൂരിഭാഗം മടപ്പുരകളിൽ നിന്നും മടയന്മാർക്ക് പ്രത്യേകമായി വേതനമൊന്നും നൽകുന്നില്ല. മടപ്പുരകളിൽ ആചാരപ്പെട്ടുകഴിഞ്ഞാൽ മറ്റ് ജോലികൾക്കൊന്നും പോകാൻ പാടില്ലെന്ന് നിയമവുമുണ്ട്. ആചാരപ്പെട്ടു കഴിഞ്ഞാൽ ചുമര് കെട്ടരുത്, മരം മുറിക്കാൻ പോകരുത്, തെങ്ങിൽ കയരുത് ,കൈക്കോട്ട് എടുത്ത് കിളക്കരുത് എന്നൊക്കെയാണ് കല്പനകൾ. ഒരു ജോലിയും ചെയ്യാൻ കഴിയാത്തവരാണ് ഭൂരിഭാഗം മടയന്മാരും.
ദൈവം തന്നെ രക്ഷിക്കണം
ഈ കൂട്ടത്തിൽപെട്ടവർക്ക് അസുഖം വന്നാൽ മറ്റ് മടയന്മാർ വിഹിതം എടുത്താണ് സഹായിക്കുന്നത്. കെ സി വേണുഗോപാലൻ ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കാലം മുതൽ ആചാരസ്ഥാനികരുടെ പട്ടികയിൽ ഉൾപ്പെടുത്തി പ്രതിമാസവേതനം നല്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുത്തപ്പൻ മടപ്പുരകളിലെ ആചാരക്കാരും ഓരോ സർക്കാരിലെയും ദേവസ്വം മന്ത്രിമാർക്ക് നിവേദനം നല്കാൻ തുടങ്ങിയതാണ്. എന്നാൽ സർക്കാരുകൾ ഇതുവരെയും വിവേചനം കാണിക്കുകയാണെന്ന പരിഭവമാണ് മടയന്മാർക്കുള്ളത്.
ബൈറ്റ്
മുത്തപ്പൻ മടപ്പുരകളിലെ സ്ഥാനികരായ മടയന്മാർ, ആൾ മടയന്മാർ, കലശക്കാർ എന്നിവരെ മാത്രം സർക്കാർ മാറ്റിനിർത്തുന്നതിൽ ഖേദമുണ്ട്. ദേവസ്വം ബോർഡിന് കീഴിലില്ലാത്ത ക്ഷേത്രങ്ങളിലെ ആചാരക്കാർക്ക് വരെ സർക്കാർ സഹായം നൽകുകയാണ്. ഞങ്ങളെ മാത്രം മാറ്റിനിർത്തുകയാണ്. കൊവിഡ് ലോക് ഡൗൺ കാരണം ദുരിതത്തിലായ ഈ വിഭാഗങ്ങളുടെ നിത്യവൃത്തിക്കായി ഈ സമയത്തെങ്കിലും അർഹിക്കുന്ന സഹായം ചെയ്യാൻ സർക്കാർ തയ്യാറാകണം.
കെ.വി രവീന്ദ്രൻ മടയൻ
( സെക്രട്ടറി, ഉത്തരമലബാർ മുത്തപ്പൻ സേവാസംഘം , കാഞ്ഞങ്ങാട് റെയിൽവേ മുത്തപ്പൻ ക്ഷേത്രം )
കൊവിഡ് ദുരിതം കാരണം വലയുന്ന മുത്തപ്പൻ മടപ്പുരകളിലെ മടയന്മാരെയും ആൾ മടയന്മാരെയും തെയ്യക്കാരെയും സർക്കാർ സംരക്ഷിക്കണം. പരമ്പരാഗതമായി നാടിന് അറിവ് പകരുകയും സംസ്ക്കാരം നിലനിർത്തുകയും ചെയ്ത്, ഭക്തരെ മാത്രം ആശ്രയിച്ചു കഴിയുന്ന ഈ വിഭാഗം ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ്. ഇവരെ ആചാരസ്ഥാനികരായി പരിഗണിക്കാനും തയ്യാറാകണം.
പി.സി വിശ്വംഭരൻ പണിക്കർ
( പ്രസിഡന്റ് , തീയ്യ മഹാസഭ കാസർകോട് ജില്ലാ കമ്മറ്റി )