കണ്ണൂര്‍: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനായി ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡുകള്‍ പൊലീസ് അടച്ചിട്ടു എന്ന വ്യാജവര്‍ത്തക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. സര്‍ക്കാരും പോലീസും അനുശാസിക്കുന്ന അത്യാവശ്യ സര്‍വ്വീസുകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. പൊതുജനങ്ങളെ ഭീതിപ്പെടുത്തുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവി യതിഷ് ചന്ദ്ര എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നൽകി. അത്യാവശ്യ സര്‍വ്വീസുകളായ ആശുപത്രി, പാല്‍, പത്രം, ചരക്കു ഗതാഗതം, എന്നിവ പൊലീസ് പരിശോധനയോടെ കടത്തിവിടുന്നുണ്ട്. പൊലീസ് തന്നെ മുന്‍കൈ എടുത്തു മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും മറ്റ് ജില്ലകളില്‍ നിന്നും അതിവേഗം ആവശ്യക്കാരില്‍ എത്തിച്ചു നൽകുന്നുമുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദുരന്ത കാലഘട്ടത്തില്‍ സമൂഹത്തോട് ചെയ്യുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണെന്ന് പൊലീസ് മേധാാവി വ്യക്തമാക്കി.