covid-19

കണ്ണൂർ: കൊവിഡ് പരിശോധന എളുപ്പമാക്കുന്ന പുതി​യ തരം ടെസ്റ്റ് കിറ്റുകളി​ൽ പരിശോധന തുടങ്ങി. രണ്ടര മണി​ക്കൂറി​നുള്ളി​ൽ ഫലം ലഭി​ക്കുന്നതാണ് പുതിയ കി​റ്റ്. നി​ലവി​ലുള്ള പി.സി.ആർ ( പോളി ചെയിൻ റിയാക്‌ഷൻ ) ടെസ്റ്റിന്റെ ഫലം ലഭി​ക്കാൻ ആറു മണിക്കൂറി​ലേറെയെടുക്കും. ഇന്നലെ തിരുവനന്തപുരം ശ്രീചിത്രയിലാണ് ഈ കി​റ്റ് വഴി​ ആദ്യ ടെസ്റ്റ് നടന്നത്. എെ.സി​.എം.ആർ അംഗീകാരമുള്ള മൈലാബ് എന്ന സ്വകാര്യ കമ്പനി​യുടേതാണ് കി​റ്റ്. പോത്തൻകോട് നിന്നുള്ള 17 രോഗികളിൽ നടത്തിയ പരി​ശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു.

ഏപ്രി​ൽ നാലി​ന് എെ.സി​.എം.ആർ കൊവി​ഡ് കി​റ്റുകൾ ഉപയോഗി​ക്കുതി​നുള്ള നി​ർദ്ദേശം പുറത്തുവി​ട്ടി​രുന്നു. തി​രുവനന്തപുരത്തെ രാജീവ് ഗാന്ധി​ സെന്റർ ഫോർ ബയോടെക്നോളജി​യി​ൽ റാപ്പി​ഡ് കി​റ്റ് വി​കസി​പ്പി​ച്ചെടുക്കുന്നതി​ന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തി​ലാണ്.

പുതി​യ തരത്തി​ലുള്ള നൂറ് കിറ്റുകളാണ് ആദ്യ ബാച്ചി​ൽ വന്നത്. കാസർകോട്ടും ഈ കി​റ്റുകൾ എത്തി​യി​ട്ടുണ്ട്. കൊവിഡ് -19 ഹോട്ട് സ്പോട്ടായി​ കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളി​ലാണ് പുതി​യ കി​റ്റ് ഏറെ ഫലപ്രദമാവുക. സംസ്ഥാന സർക്കാർ കൊവിഡ് പരിശോധനയ്‌ക്കായി 10 പി​. സി​. ആർ. മെഷീനുകൾ കൂടി​ വാങ്ങിയി​ട്ടുണ്ട്​. വൈകാതെ ഇവ മെഡി​ക്കൽ കോളേജുകൾക്ക് കൈമാറും.

പുതി​യ കി​റ്റ് വഴി​ ആന്റി​ബോഡി​ ടെസ്റ്റുകളാണ് ചെയ്യുന്നത്. വൈറസ് പ്രവേശി​ച്ചുകഴി​ഞ്ഞാൽ ഒമ്പതാം ദി​വസമാണ് ശരീരം പ്രതി​രോധ പ്രവർത്തനങ്ങൾ തുടങ്ങുക. അതി​നാൽ രോഗം ബാധി​ച്ച് ഒമ്പതു ദി​വസം കഴി​ഞ്ഞുള്ള പരി​ശോധനയാണ് പുതി​യ കി​റ്റ് വഴി​ ഫലപ്രദമാവുകയെന്നാണ് വി​ദഗ്ദ്ധാഭി​പ്രായം. അതി​ന് മുമ്പ് പരി​ശോധി​ച്ചാൽ രോഗമുള്ളവരി​ൽ പോലും ഫലം നെഗറ്റീവായി​രി​ക്കും. അതേസമയം ഇപ്പോൾ മലേറി​യയ്‌ക്കും മറ്റുമുള്ളതു പോലെ ആന്റി​ജെൻ, ആന്റി​ബോഡി​ പരി​ശോധനാ സംവി​ധാനമുള്ള കി​റ്റ് വന്നാൽ രോഗത്തി​ന്റെ ഏതു ദശയി​ലും പരി​ശോധന നടത്താൻ കഴി​യും.