കണ്ണൂർ: കൊവിഡ് പരിശോധന എളുപ്പമാക്കുന്ന പുതിയ തരം ടെസ്റ്റ് കിറ്റുകളിൽ പരിശോധന തുടങ്ങി. രണ്ടര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്നതാണ് പുതിയ കിറ്റ്. നിലവിലുള്ള പി.സി.ആർ ( പോളി ചെയിൻ റിയാക്ഷൻ ) ടെസ്റ്റിന്റെ ഫലം ലഭിക്കാൻ ആറു മണിക്കൂറിലേറെയെടുക്കും. ഇന്നലെ തിരുവനന്തപുരം ശ്രീചിത്രയിലാണ് ഈ കിറ്റ് വഴി ആദ്യ ടെസ്റ്റ് നടന്നത്. എെ.സി.എം.ആർ അംഗീകാരമുള്ള മൈലാബ് എന്ന സ്വകാര്യ കമ്പനിയുടേതാണ് കിറ്റ്. പോത്തൻകോട് നിന്നുള്ള 17 രോഗികളിൽ നടത്തിയ പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു.
ഏപ്രിൽ നാലിന് എെ.സി.എം.ആർ കൊവിഡ് കിറ്റുകൾ ഉപയോഗിക്കുതിനുള്ള നിർദ്ദേശം പുറത്തുവിട്ടിരുന്നു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ റാപ്പിഡ് കിറ്റ് വികസിപ്പിച്ചെടുക്കുന്നതിന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
പുതിയ തരത്തിലുള്ള നൂറ് കിറ്റുകളാണ് ആദ്യ ബാച്ചിൽ വന്നത്. കാസർകോട്ടും ഈ കിറ്റുകൾ എത്തിയിട്ടുണ്ട്. കൊവിഡ് -19 ഹോട്ട് സ്പോട്ടായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലാണ് പുതിയ കിറ്റ് ഏറെ ഫലപ്രദമാവുക. സംസ്ഥാന സർക്കാർ കൊവിഡ് പരിശോധനയ്ക്കായി 10 പി. സി. ആർ. മെഷീനുകൾ കൂടി വാങ്ങിയിട്ടുണ്ട്. വൈകാതെ ഇവ മെഡിക്കൽ കോളേജുകൾക്ക് കൈമാറും.
പുതിയ കിറ്റ് വഴി ആന്റിബോഡി ടെസ്റ്റുകളാണ് ചെയ്യുന്നത്. വൈറസ് പ്രവേശിച്ചുകഴിഞ്ഞാൽ ഒമ്പതാം ദിവസമാണ് ശരീരം പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങുക. അതിനാൽ രോഗം ബാധിച്ച് ഒമ്പതു ദിവസം കഴിഞ്ഞുള്ള പരിശോധനയാണ് പുതിയ കിറ്റ് വഴി ഫലപ്രദമാവുകയെന്നാണ് വിദഗ്ദ്ധാഭിപ്രായം. അതിന് മുമ്പ് പരിശോധിച്ചാൽ രോഗമുള്ളവരിൽ പോലും ഫലം നെഗറ്റീവായിരിക്കും. അതേസമയം ഇപ്പോൾ മലേറിയയ്ക്കും മറ്റുമുള്ളതു പോലെ ആന്റിജെൻ, ആന്റിബോഡി പരിശോധനാ സംവിധാനമുള്ള കിറ്റ് വന്നാൽ രോഗത്തിന്റെ ഏതു ദശയിലും പരിശോധന നടത്താൻ കഴിയും.