കാഞ്ഞങ്ങാട് :ഞായറാഴ്ചയും ഓശാനപ്പെരുന്നാളും പ്രവർത്തിച്ച് മാതൃക കാണിച്ച റേഷൻ വിതരണ ശൃംഖല നെറ്റ് വർക്ക് തകരാറിനെ തുടർന്ന് പലയിടത്തും പാളി. വീട്ടിലിരുന്ന് ജനങ്ങൾ അമിതമായി ഫോൺ ഉപയോഗിക്കുന്നതാണ് നെറ്റ് വർക്ക് തകരാറിനു കാരണമെന്നാണ് ടെക്നീഷ്യന്മാർ പറയുന്നത്.

ഹൊസ്ദുർഗ് താലൂക്കിൽ റേഷൻ വിതരണത്തിന് ലൈൻ തകരാറാണ് വില്ലനായതെങ്കിൽ കാസർകോട് താലൂക്കിൽ എൻ .എഫ് .എസ്.എ ഗോഡൗണിലെ തൊഴിലാളികൾ ലോക് ഡൗൺ നിബന്ധന ലംഘിച്ച് കൂട്ടമായി സഞ്ചരിച്ചതിനാൽ പൊലീസ് മടക്കിയയക്കുകയായിരുന്നു. ഞായറാഴ്ച കണ്ണൂർ ജില്ലയിൽ 65 112 കാർഡുടമകൾക്ക് റേഷൻ വിതരണം ചെയ്തിരുന്നു. ആകെ വിതരണത്തിന്റെ 83.92 ശതമാനവും ഇതോടെ പൂർത്തിയായി. കാസർകോട് ജില്ലയിൽ ഞായറാഴ്ച മാത്രം 37 270 കാർഡുടമകൾക്ക് റേഷൻ നൽകി. ജില്ലയിൽ 74. 28 ശതമാനം പേർക്കാണ് റേഷൻ നൽകിയത്.