കണ്ണൂർ: 15 വർഷമായി തടങ്കലിൽ കഴിയുന്ന ജീവപര്യന്തം തടവുകാരന് 5 വർഷമായി പരോൾ നൽകാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനായ മുഹമ്മദ് റമീസിന് പരോളോ ജയിൽമോചനമോ ലഭിക്കാൻ സാദ്ധ്യതയുണ്ടോ എന്ന് പരിശോധിക്കാൻ കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് ജയിൽ ഡി.ജി.പിക്ക് നിർദ്ദേശം നൽകിയതായി പി.ആർ.ഒ പി.എം ബിനുകുമാർ അറിയിച്ചു.

തന്റെ മരുമകൻ മരിച്ച സമയത്ത് മാത്രമാണ് 4 മണിക്കൂർ പരോൾ അനുവദിച്ചതെന്ന് മുഹമ്മദ് റമീസ് പരാതിയിൽ പറഞ്ഞിരുന്നു. കമ്മിഷൻ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൽ നിന്ന് റിപ്പോർട്ട് വാങ്ങി. പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും അനുകൂലമായി ലഭിക്കാത്തതാണ് പരോൾ അനുവദിക്കാത്തതിന്റെ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. 15 വർഷമായി തടവിൽ കഴിയുന്ന പരാതിക്കാരന് ജയിൽ മോചിതനാകാൻ അർഹതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.