മാഹി: അഴിയൂർ ഗ്രാമ പഞ്ചായത്തിലെ 13 കടകളിലെയും കോഴി ഇറച്ചി വില ഒരു കിലോവിന് ലോക്ക് ഡൗൺ കാലയളവിൽ 135 രൂപയായി ഏകീകരിച്ചു.വ്യത്യസ്ത വില കച്ചവടക്കാർ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും ചില സമയത്ത് ഉയർന്ന വില ചുമത്തുന്നു എന്ന പരാതി പ്രകാരം പഞ്ചായത്ത് കോഴി കച്ചവടക്കാരുടെ പ്രതിനിധികളുമായി സംസാരിച്ചതിനെ തുടർന്നാണ് അഴിയൂരിൽ വില ഏകീകരണം നടത്തിയത്. ഉയർന്ന വിലയ്ക്കാണ് കോഴി മൊത്ത കച്ചവടക്കാരിൽ നിന്ന് ലഭിക്കുന്നത് എന്ന വിവരം കോഴി കച്ചവടക്കാർ പഞ്ചായത്തിനെ അറിയിച്ചതിനെ തുടർന്ന് കോഴി മൊത്ത വ്യാപാരിയുമായും സംസാരിച്ചിരുന്നു. തുടർന്നാണ് പഞ്ചായത്ത് തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ദിവസം 150 രൂപയ്ക്കാണ് ചിക്കൻ വിൽപ്പന നടത്തിയതെന്ന് പരാതി ഉണ്ടായിരുന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ, സെക്രട്ടറി ഷാഹുൽ ഹമീദ്, കച്ചവടക്കാരുടെ പ്രതിനിധികളായ രാജിസ്, സരേന്ദ്രൻ, സുഗതൻ, അഷറഫ് എന്നിവർ സംബന്ധിച്ചു.
കമ്മ്യൂണിറ്റി കിച്ചണിന് പെൻഷണർമാരുടെ സഹായം
മാഹി: അഴിയൂർ ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിന് കേരള സർവീസ് പെൻഷണേർസ് യൂണിയൻ അഴിയൂർ യൂനിറ്റ് 5000 രൂപ സംഭാവന നൽകി. തുക ഭാരവാഹികളായ വി.പി.സുരേന്ദ്രൻ, കെ.പി. രാധാകൃഷ്ണൻ എന്നിവർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ, സെക്രട്ടറി ടി. ഷാഹുൽ ഹമീദ് എന്നിവരെ ഏൽപ്പിച്ചു.