തലശ്ശേരി: ഇരട്ട കൊലക്കേസിലെ പ്രതിയായ ബി.ജെ.പി പ്രവർത്തകന് ജാമ്യം അനുവദിക്കാൻ മുഖ്യമന്ത്രിയുടെ കൊവിഡ് ഫണ്ടിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നൽകണമെന്ന് കോടതി. തുടർന്ന് ജില്ലാ കലക്ടറുടെ ഓഫീസിൽ തുക അടച്ചതിനെ തുടർന്ന് പ്രതിക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.ത ലശ്ശേരി ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതിയാണ് കൊവിഡ് നിധിയിലേക്ക് പ്രതിയെ കൊണ്ട് സംഭാവന നൽകിച്ച് ജാമ്യം നൽകിയത്. ചമ്പാട്ടെ നള്ളക്കണ്ടിയിൽ വീട്ടിൽ ബാലുശ്ശേരി പ്രഭാകരനാണ് (65) കോടതി ജാമ്യം അനുവദിച്ചത്.
പന്ന്യന്നൂർ ചമ്പാട്ടെ ദിനേശ് ബീഡി കമ്പനിക്ക് നേരെ ബോംബെറിഞ്ഞ് സി.പി.എം പ്രവർത്തകരായ തടത്തിൽ ബാലൻ, യു. ദാമു എന്നിവർ കൊല്ലപ്പെടുകയും സി.പി.എം പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്ന കേസിലെ പ്രതിക്കാണ് ജില്ലാ സെഷൻസ് ജഡജ് ടി. ഇന്ദിര ഇത്തരത്തിൽ ജാമ്യം അനുവദിച്ചത്. ച
1979 ഏപ്രിൽ ആറിന് വൈകിട്ട് ആറര മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആകെ 9 പ്രതികളാണുണ്ടായിരുന്നത്. മറ്റുള്ള പ്രതികളെയെല്ലാം കോടതി നേരത്തെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നു. എന്നാൽ പ്രഭാകരൻ സംഭവശേഷം വിദേശത്തും മുംബൈയിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു. 41 വർഷത്തിനു ശേഷമാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രഭാകരനെ പാനൂർ സി.ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 10ന് പയ്യന്നൂർ ഏഴിലോട്ട് വെച്ച് അറസ്റ്റു ചെയ്തത്. ഇതിനു ശേഷം പ്രതി റിമാൻഡിൽ കഴിയുകയായിരുന്നു.
നേരത്തെ പ്രഭാകരൻ നൽകിയ ജാമ്യ ഹരജി രണ്ടു തവണ കോടതി തള്ളിയിരുന്നു. തുടർന്ന് പ്രൊസിക്യൂഷൻ ഇത്തരമൊരു നിബന്ധന മുന്നോട്ട് വെച്ചത് കോടതി അംഗീകരിക്കുകയായിരുന്നു. കോടതി അവധി ആയതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് ജാമ്യ ഹരജിയിൽ വാദം കേട്ടത്.