കണ്ണൂർ:യൂത്ത് കോൺഗ്രസ്സ് നടപ്പിലാക്കുന്ന കൊറോണ പ്രതിരോധ സന്നദ്ധ പ്രവർത്തനമായ യൂത്ത് കെയറിന്റെ സാമൂഹ്യ ഇടപെടലുകളുടെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.ജില്ലയിലെ അയ്യായിരത്തോളം കുടുംബങ്ങൾക്ക് കിറ്റ് നല്കാനാണ് പദ്ധതി.പച്ചക്കറി സാധനങ്ങളുടെ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പേരാവൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ 200 കുടുംബങ്ങളിൽ വിതരണം ചെയ്ത് പൂർത്തിയാക്കി.അഞ്ച് കിലോ തൂക്കം വരുന്ന വിവിധയിനം പച്ചക്കറി സാധനങ്ങൾ അടങ്ങുന്നതാണ് ഒരു കിറ്റ്. വെള്ളരി, ഏത്തക്കായ, കയ്പ്പക്ക, പച്ചമുളക്, സവാള, തക്കാളി, കാബേജ് തുടങ്ങിയവ കിറ്റിലുണ്ട്.പ്രാദേശികമായി ലഭ്യമാവുന്ന പച്ചക്കറി സാധനങ്ങളും കിറ്റിൽ ഉൾപ്പെടുത്തുന്നുണ്ട്.യൂത്ത് കെയറിന്റെ ഭാഗമായി പേരാവൂർ മേഖലയിൽ അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങളുടെ 800 കിറ്റുകൾ ഭക്ഷ്യസാധനങ്ങളുടെ ആവശ്യകത നേരിടുന്ന കുടുംബങ്ങൾക്ക് യൂത്ത് കോൺഗ്രസ്സ് വിതരണം ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സെക്രട്ടറി ശരത്ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ കിറ്റുകൾ വീടുകളിലെത്തിച്ചത്.