excise-raid
എക്സൈസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത്

കൂത്തുപറമ്പ്: എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കനക മലയിൽ അണിയാരം ഭാഗത്ത് നടത്തിയ പരിശോധനയിൽ വാഷും ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. പരിശോധനക്കിടെ ഒരാൾ ഓടി രക്ഷപ്പെട്ടു. കൂത്തുപറമ്പ്എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്. രക്ഷപ്പെട്ട പെരിങ്ങളം അണിയാരം സ്വദേശി തട്ടാന്റെ പറമ്പത്ത് ടി.പി അഖിലിൻ്റെ പേരിൽ കേസ് എടുത്തു. വാറ്റു കേന്ദ്രത്തിൽ നിന്നും ബാരലിലും പാത്രത്തിലും സൂക്ഷിച്ച 42 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും പിടികൂടി. പ്രതിയുടെ മൊബൈൽ ഫോൺ വാറ്റു കേന്ദ്രത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. വാഷ് സൂക്ഷിച്ച ബാരൽ, അലൂമിനിയം പാത്രങ്ങൾ, കലങ്ങൾ, മരത്തട്ട് തുടങ്ങിയ വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. പ്രിവന്റീവ് ഓഫീസർ വി. സുധീർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ജലീഷ്, യു. സ്മനീഷ്, ഡ്രൈവർ എൻ. ഷംജിത്ത് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. തൊണ്ടിമുതലുകൾ തലശേരി എക്സൈസ് റെയ്ഞ്ചിന് കൈമാറി.