കാസർകോട്: ഇന്നുമുതൽ കാസർകോട്ട് ജില്ല മുഴുവനും പൂട്ടാൻ പൊലീസ്. എത്ര നിയന്ത്രണങ്ങൾ കൊണ്ടുവന്നാലും ജില്ലയിലെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് കാസർകോട് നഗരസഭ പരിധിയും പരിസരങ്ങളിലെ പഞ്ചായത്തുകളിലും ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ലെന്ന് ധരിക്കുന്ന കുറെ പേരുണ്ട്. കേസൊന്നും ഇവർക്ക് വലിയ കാര്യമല്ല. പണമുണ്ടെങ്കിൽ അത് വക്കീൽ നോക്കിക്കൊള്ളും എന്നതാണ് ഇത്തരക്കാരുടെ നിലപാടും പ്രതികരണവും.
അതേസമയം, നാട് പൂട്ടിട്ട് പൂട്ടി ഇത്തരക്കാരെ അകത്താക്കിയാലെ കൊവിഡിനെ തുരത്താൻ സാധിക്കൂ എന്ന നിഗമനത്തിലാണ് പൊലീസ്. വൈറസിനെ പിടിച്ച് കെട്ടണമെങ്കിൽ നാട്പൂട്ടിട്ട് പൂട്ടണമെന്നും അത് ഇന്നുമുതൽ നടപ്പാക്കുമെന്നും ജനങ്ങൾ പരമാവധി സഹകരിക്കണമെന്നും ഐ.ജി വിജയ് സാക്കറെ പറഞ്ഞു. സാധനങ്ങൾ വാങ്ങാൻ എന്ന വ്യാജേന കാസർകോട് ഇനി ആരും പുറത്തിറങ്ങേണ്ട. ആവശ്യമുള്ളത് മുഴുവൻ പൊലീസ് വീട്ടിൽ എത്തിച്ചു തരും. അതിന് വേണ്ടി ബൈക്കും കാറും എടുത്ത് ചുറ്റാൻ ഇറങ്ങേണ്ട.
ഇത് തടയാൻ ജില്ലയിലെ എല്ലാ വഴികളും അടക്കാൻ പൊലീസ് തീരുമാനിച്ചു. കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത ഒരു വിഭാഗം ആളുകളെ പിടിച്ചു കെട്ടാനാണ് പൊലീസിന്റെ തീരുമാനം. പുറത്തിറങ്ങുന്നവർക്ക് ചുട്ട അടി നൽകിയിരുന്ന ആദ്യ നിലപാട് പൊലീസ് തിരുത്തിയപ്പോൾ കേസിൽ ഒന്നും ഞങ്ങൾക്ക് പേടിയില്ല എന്ന നിലപാടിൽ ചിലർ റോഡിൽ ഇറങ്ങുകയായിരുന്നു. അനാവശ്യമായി ചുറ്റിക്കറങ്ങുന്ന ഇവർ ഉണ്ടാകുന്ന തലവേദനയ്ക്ക് പുറമേ വീടുകളിൽ കർശനമായ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരും പുറത്ത് ചുറ്റാൻ ഇറങ്ങിയതോടെ ആണ് ആരും ഇനി പുറത്തിറങ്ങേണ്ട എന്ന് പൊലീസ് തീരുമാനിച്ചത്.
നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ പുറത്തിറങ്ങിയാൽ പിടികൂടാൻ ഷാഡോ പൊലീസിനെ നിയോഗിച്ചതിനു പുറമേ നിയന്ത്രണം ഒന്നുകൂടി കർശനമാക്കാൻ ആണ് പൊലീസിന്റെ നീക്കം. ജീവൻ രക്ഷാ മരുന്നുകളും അവശ്യസാധനങ്ങളും എത്തിക്കാൻ എല്ലായിടത്തും സഹായത്തിന് പൊലീസ് ഉണ്ടാകും. അവശ്യസാധനങ്ങളുടെ പട്ടിക 9497935780, 9497980940 നമ്പറിൽ വാട്‌സാപ്പ് ചെയ്താൽ മതി. സാധനം കൈപ്പറ്റി ബിൽ തുക കൃത്യമായി നൽകണം. ഇതുവരെ വിദ്യാനഗർ, മേൽപറമ്പ് പൊലീസ് സ്‌റ്റേഷൻ പരിധികളിലെ 162 പേർക്ക് ജീവൻ രക്ഷാ മരുന്നുകളും 100 പേർക്ക് അവശ്യ സാധനങ്ങളും എത്തിച്ചു.