കണ്ണൂർ: മലയാളത്തിലെ ഒരു സ്വകാര്യ ചാനലിന്റെ ലോഗോയും പേരും ഉപയോഗിച്ച് തന്റെ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ജയരാജൻ ഇക്കാര്യം കുറിച്ചത്. പി.ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ചു എന്നാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. വാർത്ത പ്രചരിപ്പിക്കാൻ നേതൃത്വം നൽകിയവരുടെ പേര് വിവരങ്ങൾ ഉൾപ്പെടെയാണ് ജയരാജന്റെ പോസ്റ്റ്. കോൺഗ്രസ് പ്രവർത്തകരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് ജയരാജൻ ഉന്നയിക്കുന്ന ആരോപണം. അഞ്ചോളം കോൺഗ്രസ് പ്രവർത്തകരുടെ പേരുകളും ജയരാജന്റെ ഫേസ് ബുക്കിൽ കുറിച്ചിട്ടുണ്ട്.
കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന് ലോകത്തിന് തന്നെ മാതൃകയായി കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഘട്ടത്തിലും ഇത്തരം വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ച് ആനന്ദം കൊള്ളൂന്നവരുടെ രാഷ്ട്രീയ നിലവാര തകർച്ചയാണ് കാണുന്നത് എന്നാണ് ഫേസ് ബുക്ക് കുറിപ്പിൽ ജയരാജൻ പറഞ്ഞിരിക്കുന്നത്.
ഫേസ് ബുക്ക് പോസ്റ്റിലെ പ്രസക്തഭാഗം
''അൽപനേരം മുൻപാണ് എന്റെ ഫോട്ടോ വച്ചുകൊണ്ട് ഒരു ചാനലിന്റെ ലോഗോ ഉൾപ്പടെ ഉപയോഗിച്ച് ഒരു വ്യാജ പോസ്റ്റർ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. മുഖ്യമന്ത്രി പിണറായിക്കെതിരായി ഞാൻ പ്രതികരിച്ചു എന്ന നിലയിലാണ് പോസ്റ്റർ. ഈ വ്യാജ പോസ്റ്റർ പ്രചരിപ്പിക്കുന്നവരുടെ രാഷ്ട്രീയം പരിശോധിച്ചപ്പോൾ മനസിലാകുന്നത് ഇത് ഒരു കോൺഗ്രസ് ഐ.ടി സെൽ പ്രോഡക്ട് ആണെന്നാണ്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കും''.