-cm-karnataka

കണ്ണൂർ: കർണാടക മുഖ്യമന്ത്രി കണ്ണ് തുറന്ന് കാണണം വയനാട് ജില്ലാ കളക്ടറെ. കണ്ടാൽ മാത്രം പോരെ. കളക്ടർ അദീല അബ്ദുള്ളയെ കണ്ട് പഠിക്കണം. കേരളത്തിൽ നിന്ന് രോഗികളുമായി മംഗലൂരുവിലേക്ക് വിദഗ്ദ ചികിത്സയ്ക് പോകുന്ന മലയാളികളെ സംസ്ഥാനാതിർത്തിയിൽ തടഞ്ഞിട്ട് ജീവനെടുക്കുമ്പോൾ വയനാട് കളക്ടർ കർണാടകത്തിൽനിന്നുള്ള രോഗികൾക്ക് കേരളത്തിലേക്ക് വരാൻ അടച്ചിട്ട റോഡ് തുറന്നുകൊടുക്കുയകയാണ്. ലോക്ഡൗണിനെ തുടർന്നുള്ള കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ കർണാടകയിലെ മൈസൂരു ജില്ലയിൽനിന്ന് വയനാട്ടിൽ ചികിത്സ തേടിയെത്തിയത് 29 രോഗികളാണ്.

വയനാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന കർണാടകയിലെ ബൈരക്കുപ്പ മേഖലയിൽ നിന്നാണ് ഇത്രയുംപേർ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എത്തിപ്പെടാനുള്ള സൗകര്യം ഉള്ളതുകൊണ്ട് ബൈരക്കുപ്പയിലെ ജനങ്ങൾ ചികിത്സയ്ക്ക് മാനന്തവാടിയെ ആശ്രയിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വയനാട്ടിലേക്ക് കടക്കാൻ ജില്ലാ ഭരണകൂടം കർശനനിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു.

എങ്കിലും കർണാടകയിൽനിന്ന് ചികിത്സതേടി എത്തുന്നവരെ കടത്തിവിടാൻ തീരുമാനിക്കുകയായിരുന്നു കളക്ടർ. കേരളത്തിൽനിന്നുള്ള രോഗികൾക്ക് മംഗലാപുരത്തെ ആശുപത്രികളിൽ കർണാടകം ചികിത്സ നിഷേധിക്കുന്നതിന് ഇടെയാണ് കളക്ടരുടെ മാതൃകാപരവും പ്രശംസനീയവുമായ നടപടി. അടിയന്തര ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ചെക്‌പോസ്റ്റുകളിൽ വിശദ വിവരങ്ങൾ നൽകി വയനാട്ടിലേക്ക് കടക്കാം.

രോഗിക്കും ഒരു സഹായിക്കുമാണ് ഈ രീതിയിൽ വരാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലുള്ളവർക്കും ചികിത്സാ ആവശ്യത്തിന് വയനാട്ടിലേക്ക് വരാൻ അനുമതി നൽകിയിട്ടുണ്ട്. 44 പേരാണ് ഇതുവരെ ഇവിടെ നിന്ന് ചികിത്സ തേടിയെത്തിയത്. കർണാടകയുടെനിഷേധ സമീപനം മൂലം 11മലയാളികളാണ് ഇതേവരെ വിദഗ്ദ ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്.