പയ്യന്നൂർ: മൂന്നാഴ്ചയായി തുടരുന്ന കൊവിഡ്- 19 രോഗബാധ ലോക്ക് ഡൗൺ കാരണം തൊഴിൽ നഷ്ടപ്പെട്ട് വഴിമുട്ടിയവരിൽ പന്തൽ അലങ്കാരം ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപന ഉടമകളും ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളും.
ലോക്ക് ഡൗൺ മൂലം ഒരു സീസൺ അപ്പാടെ നഷ്ടപ്പെട്ടവരാണിവരെല്ലാം. മാർച്ച് മുതൽ മേയ് വരെയാണ് ഇവർക്ക് കാര്യമായ തിരക്കുണ്ടാകുന്നത്.കണ്ണൂർ ജില്ലയിലെ 1100 സ്ഥാപന ഉടമകളും 3000 ത്തിൽപരം തൊഴിലാളികളുമാണ് ഈ മേഖലയിലുള്ളത്.
കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കേരളത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും പൊലീസ് ,ആരോഗ്യവകുപ്പ് എന്നിവർക്കായും സൗണ്ട് സിസ്റ്റവും പന്തലും പൊതു ഇടങ്ങളിൽ മുന്നൂറിൽപ്പരം ഹാൻഡ് വാഷിംഗ് കോർണറുകളും ഭക്ഷ്യ വിതരണത്തിന് ആവശ്യമായ പാചക പാത്രങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും സൗജന്യമായി അസോസിയേഷൻ അംഗങ്ങൾ നൽകിയിരുന്നു.
തൊഴിൽ നഷ്ടപ്പെട്ട ഈ വിഭാഗത്തിൽ പെട്ടവർക്ക് സർക്കാർ തലത്തിൽ സഹായങ്ങൾ നൽകണമെന്ന് കേരള ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. പന്തൽ ഡക്കറേഷൻ ലൈറ്റ് ആൻ്റ് സൗണ്ട് സംരംഭകരുടെ നിലവിലെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, തകർച്ചയിലായ ഈ മേഖലയെ രക്ഷിക്കുവാൻ ദീർഘകാല പലിശരഹിത വായ്പ അനുവദിക്കുവാൻ ബാങ്കിംഗ് മേഖലയ്ക്ക് നിർദ്ദേശം നൽകുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയും സാംസ്കാരിക വകുപ്പ് മന്ത്രിയും അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും അസോസിയേഷൻ ജില്ല പ്രസിഡന്റ് പി.പി.പ്രകാശ് കുമാറും ജനറൽ സെക്രട്ടറി എ.വി.ബാബുരാജും ആവശ്യപ്പെട്ടു.