india

കണ്ണൂർ: കൊവിഡ് 19 വ്യാപനത്തിന് തടയിടാൻ വീടുകളിൽ ഒതുങ്ങി കഴിയണമെന്ന് പറയുമ്പോൾ ഇതു കൊണ്ടൊന്നും ഒരു കാര്യവുമില്ലാത്ത സ്ഥലങ്ങളുണ്ട്. ഇന്ത്യയുടെ മെട്രോ പൊളിറ്റൻ നഗരങ്ങൾ. കൽക്കത്ത,​ മുംബൈ തുടങ്ങിയ വമ്പൻ നഗരങ്ങളിലെ ചേരി പ്രദേശങ്ങളൊക്കെ സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും ഭീഷണിയാകുകയാണ്. ഓരോ കുടുസ് മുറികളിലും പത്തിലേറെ പേർ താമസിക്കുന്ന ഇവിടെ ഓരോ ചുമയുടെ ശബ്ദങ്ങളും ലക്ഷങ്ങളുടെ നെഞ്ചിടിപ്പേറ്റും. മലയാളികൾ സിനിമയിലെ മാസ് ഡയലോഗുകളിലൂടെ പരിചയിച്ച ധാരാവിയൊക്കെ ഈ വിധം തീ തിന്നുകയാണ്.

ഒന്നേ കാൽ ലക്ഷം കുടിലുകളിലായി പത്ത് ലക്ഷത്തിലേറെ പേർ തിങ്ങി പാർക്കുന്ന ഇവിടെ ഓരോ ശൗചാലയങ്ങളും ഉപയോഗിക്കുന്നത് 85 പേരൊക്കെയാണ്. രണ്ട് ചതുരശ്ര കിലോ മീറ്ററിൽ ഇത്രത്തോളം ജനം തിങ്ങി പാർക്കുമ്പോൾ ഒന്നും ചെയ്യാനാകാത്ത നിസഹായതയാണ് ഭരണകൂടത്തിന്. വിദ്യാഭ്യാസവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥയും പ്രശ്നത്തിന്റെ തീവ്രത മനസിലാക്കാൻ ഇവർക്ക് തടസമാകുന്നുണ്ട്.

മുംബൈ സെൻട്രലിൽ മാത്രം സ്വകാര്യ ആശുപത്രിയിൽ 40 മലയാളി നഴ്സുമാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 150 ലധികം നഴ്സുമാർ നിരീക്ഷണത്തിലുമുണ്ട്. രോഗബാധിതരിൽ ഡോക്ടർമാരും ഉൾപ്പെടും. രോഗികളുടെ വിവരങ്ങൾ രേഖപ്പെടുത്തുകയോ പരിശോധനക്ക് റഫർ ചെയ്യുകയോ ചെയ്യുന്നുമില്ല. മരിച്ചവരുടെ സാമ്പിളുകളും ശേഖരിക്കാത്തതോടെ ഇതെവിടെ അവസാനിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

സമൂഹ വ്യാപന ഘട്ടത്തിലേക്കു നീങ്ങിയാൽ ഏറ്റവും ബാധിക്കുക മുംബയ് നഗരത്തെയാകുമെന്നാണ് സൂചന. മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തോട് കഴിഞ്ഞ ദിവസം 3.25 ലക്ഷം പി.പി.ഇ കിറ്റുകളും 9 ലക്ഷം എൻ 95 മാസ്‌കുകളും 99 ലക്ഷം ട്രിപ്പിൾ ലെയർ മാസ്‌കുകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും പരിഹാരമാകില്ല.

വർളി-പ്രഭാദേവി മേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എഴുപതിലേറെപ്പേരെ രോഗം ബാധിച്ചു. ഗ്രാന്റ് റോഡിൽ അൻപതോളം പേർക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. അന്ധേരി വെസ്റ്റിലും ഈസ്റ്റലും രോഗവ്യാപനമുണ്ട്. തുടക്കത്തിൽ അന്ധേരിയിലാണ് മുംബയിലെ ആദ്യത്തെ രോഗം സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണം നൂറിലെത്താൻ 15 ദിവസമെടുത്തെങ്കിൽ ഇപ്പോൾ ഒരു ദിവസം നൂറിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.

രാജ്യത്തെ കൊവിഡ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ധാരാവി. ഏപ്രിൽ ഒന്നിനാണ് ധാരാവിയിൽ ആദ്യത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുണി വ്യാപാരിയായ ആദ്യത്തെ രോഗി ഭാര്യയ്ക്കും ആറു മക്കൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുടെ സ്ഥാപനം പൂട്ടിച്ചു.

മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബയിൽ ഒന്നര കോടി ആളുകൾ താമസിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള നഗരമാണിത്. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്ന ഇവിടെ എല്ലാ സംസ്ഥാനങ്ങളിലെ തൊഴിലാളികളുമുണ്ട്. ഇതാണ് ഏറ്റവും ആശങ്കയുണ്ടാക്കുന്നത്. ജനസംഖ്യയിൽ മൂന്നാമത്തെ സ്ഥാനമുള്ള കൊൽക്കത്തയിലും സമാനമായ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്.

1943 ലെ ഭക്ഷ്യക്ഷാമവും 1946 ലെ കലാപത്തിലും ഉണ്ടായ പ്രത്യാഘാതത്തേക്കാൾ രൂക്ഷമായിരിക്കും കൊവിഡ് ഉണ്ടാക്കുന്ന ദുരന്തമെന്നാണ് ആശങ്ക. ചുവന്ന തെരുവ് എന്നറിയപ്പെടുന്ന സോനാഗാഛിയൊക്കെ ഇവിടെയാണ്. സ്ത്രീകളെ തേടി ദിവസവും നാൽപതിനായിരം പേർ എത്തിയിരുന്ന ഇവിടെ ഇപ്പോൾ അഞ്ഞൂറോളം പേർ മാത്രമാണ് എത്തുന്നത്. ഇവർക്കിടയിലെ സാമ്പത്തിക പ്രശ്നം ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചില്ലറയായിരിക്കില്ല. ഈ മേഖലയിൽ പതിനായിരം പേരാണ് ലൈഗിംക തൊഴിലിൽ ഏർപ്പെടുന്നത്. ബംഗാളിൽ ഇവർ അഞ്ച് ലക്ഷത്തോളം വരുമെന്നാണ് കണക്ക്. ഇവരെല്ലാം പട്ടിണിയിലായി കഴിഞ്ഞിട്ടുണ്ട്.