കാഞ്ഞങ്ങാട് : കിസ്സ സാംസ്കാരിക സമന്വയം കൊറോണക്കാലത്ത് ഓൺലൈൻ വഴി അംഗങ്ങൾക്കു സാംസ്കാരിക പ്രവർത്തനത്തിൻ്റെ പുതിയ രീതികൾ പരീക്ഷിക്കുന്നു. പ്രഭാഷണങ്ങൾ, സാംസ്കാരിക സദസ്സുകൾ, പാട്ടു ഉത്സവം, ഡോക്ടർ ഓൺ ലൈൻ , കൊറോണക്കാലത്തെ പൊലീസിംഗ്, കൊറോണാനന്തര സാംസ്കാരിക ബോധം ...ഇങ്ങിനെ വൈവിധ്യമാർന്ന പരിപാടികളാണ് കിസ്സ സംഘടിപ്പിക്കുന്നത്.

സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഡോ. വി പി പി മുസ്ഥഫ യുടെ " കേരള മോഡൽ വികസനവും കൊറോണ പ്രതിസന്ധിയും " എന്ന പ്രഭാഷണ പരിപാടിയിലൂടെയാണ് തുടക്കം. രാത്രി 8 മണി മുതൽ 10 30 വരെയാണ് എല്ലാ ദിവസവും പരിപാടി. പ്രഭാഷണത്തിനു ശേഷം ഗ്രൂപ്പ് അംഗങ്ങളുടെ ചർച്ചയും മറുപടിയും. മാധ്യമ പ്രവർത്തക ഷാഹിന നഫീസ " കൊറോണക്കാലത്തെ ഗാർഹിക ജീവിതം " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കൊറോണക്കാലത്തെ വർഗ്ഗീയ വൈറസി എന്ന വിഷയത്തിൽ ഷഹീദ് റൂമി പ്രഭാഷണം നടത്തി.പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ അഷ്റഫ് പയ്യന്നൂർ നയിച്ച "പാട്ടും പാട്ടിന്റെ വഴിയും വേറിട്ട അനുഭവമായി. അദ്ദേഹത്തിന്റെ ഭാര്യ താഹിറ അഷ്റഫ്, മകൻ അഫ്സൽ, പ്രമുഖ മാപ്പിള പാട്ടു കലാകാരൻമാരായ ആവിയിൽ മജീദ്, ഹമീദ്, വലിയ പറമ്പിലെ കെ കെ അബ്ദുള്ള , ചെറുവത്തൂരിൽ നിന്നും ബീന, ജില്ലാ പഞ്ചായത്ത് അംഗം പി സി സുബൈദ തുടങ്ങിയവർ പാടി.

കാസർകോട് കൊവിഡ് 19 സ്പഷ്യൽ ഹോസ് പിറ്റലിലെ ഡോ. ഷമീം മുഹമ്മദ് കടത്തടുക്ക, കാഞ്ഞങ്ങാട്ടെ ഡോ. നാസർ പാലക്കി എന്നിവർ " കൊറോണ ഡോക്ടർ ഓൺ ലൈൻ " എന്ന പരിപാടി അവതരിപ്പിക്കും കിസ്സ ചെയർമാൻ അഡ്വ. സി ഷുക്കൂർ, ജനറൽ കൺവീനർ മുഹമൂദ് മുറിയനാവി, ട്രഷറർ ബിബി ടി ജോസ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.