കാസർകോട്: മംഗളൂരുവിലേക്കുള്ള വഴി കർണ്ണാടക അടച്ചതോടെ പ്രതിസന്ധിയിലായ കാസർകോട് ജില്ലയിലെ രോഗികൾക്ക് ആശ്വാസമായി അതിവേഗത്തിൽ പുത്തൻ ആശുപത്രി ഒരുങ്ങുന്നു. ചെമ്മനാട് പഞ്ചായത്തിലെ തെക്കിൽ വില്ലേജിൽ 15 ഏക്കർ റവന്യു ഭൂമിയിലാണ് ആശുപത്രി നിർമ്മിക്കുകയെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. 450 പേര്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളും അടങ്ങുന്ന സംവിധാനം ടാറ്റാ ഗ്രൂപ്പ് സജ്ജീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശപ്രകാരം ഇതിനു നേതൃത്വം കൊടുക്കാനുള്ള ടീം കാസര്‍കോട് എത്തിയിരുന്നു. എൻജിനിയർമാർ ഉൾപ്പടെയുള്ള സംഘമാണ് എത്തിയത്. വലിയൊരു ടീം ഇവിടെ നിന്നുകൊണ്ടു തന്നെ ഈ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്നുമാസത്തിനകം ആശുപത്രി പ്രവർത്തനമാരംഭിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആശുപത്രി കെട്ടിടം നിർമ്മിക്കുക. നിർമ്മാണത്തിൻ്റെ സഹായത്തിന് കാസർകോട്ടെ കോൺട്രാക്ടർമാരുടെ സേവനവും തേടിയിട്ടുണ്ട്.