കണ്ണൂർ: ലോക്ക്ഡൗൺ കാലത്തെ മത്സ്യക്ഷാമം മുതലെടുത്ത് വളമാക്കാൻ നീക്കിവച്ച മീൻ പോലും വിപണിയിലെത്തിച്ച് ചില ഏജന്റുമാർ. ഓപ്പറേഷൻ സാഗർറാണി പരിശോധനയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പലയിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത മത്സ്യങ്ങൾ ഗുണനിലവാരം തീരെയില്ലാത്തവയാണെന്ന് ഇതിനകം സ്ഥിരീകരിച്ചുകഴിഞ്ഞു.

കൊവിഡ് പ്രതിരോധകാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഫോർമാലിൻ കലർത്തിയ മീനുകളേക്കാൾ പിടിച്ചെടുക്കുന്നത് കയറ്റുമതിക്കായി വൻകിട കമ്പനികൾ ശേഖരിച്ച പഴകിയ മീനുകളാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വെളിപ്പെടുത്തുന്നു. കമ്പനികളുടെ കവറോടുകൂടിയവയും പിടികൂടിയിട്ടുണ്ട്.

വടക്കൻ ജില്ലകളിൽ പ്രധാനമായും മംഗളൂരുവിൽ നിന്നുള്ള മത്സ്യങ്ങളാണെത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളിലും യു.എസിലും ഗൾഫ് രാജ്യങ്ങളിലുമെല്ലാം കൊവിഡ് -19 പിടിമുറുക്കിയതോടെ കയറ്റുമതി പ്രതിസന്ധിയിലായതോടെയാണ് ഇവ ആഭ്യന്തര വിപണിയിലേക്ക് എത്തിക്കുന്നത്. അവസരം മുതലെടുത്ത് ഏജന്റുമാരാണ് മീൻ വില്പനക്കാരെ ബന്ധപ്പെട്ട് രഹസ്യമായി ഇടപാട് നടത്തുന്നത്.

കയറ്റുമതി മത്സ്യം പ്രത്യേകരീതിയിൽ ശീതീകരിച്ച് സൂക്ഷിക്കുന്നവയാണ്. ഈ വിധം സൂക്ഷിച്ചാൽ രണ്ടുവർഷം വരെ മീനിന് കേടുവരില്ല. എന്നാൽ ഫ്രീസറിൽ നിന്ന് പുറത്തെടുത്താൽ ആറുമണിക്കൂർ വരെ മാത്രമേ ഭക്ഷ്യയോഗ്യമായിരിക്കൂ. ഏജന്റുമാർക്കോ മത്സ്യവ്യാപാരികൾക്കോ ഇത്തരം ഫ്രീസറില്ലാത്തതിനാൽ മീൻ കേടുവരികയാണ്. ഒറ്റകൈമാറ്റത്തിൽ തന്നെ ദിവസങ്ങളോളം വിറ്റഴിക്കാനുള്ള മീൻ കിട്ടുന്നതിനാൽ ഇവ രണ്ടും മൂന്നും ദിവസമൊക്കെ സൂക്ഷിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നം.

ഏജന്റുമാർ മത്സ്യവില്പനക്കാരെ ഫോണിൽ ബന്ധപ്പെട്ടാണ് കച്ചവടം ഉറപ്പിക്കുന്നത്. കച്ചവടമില്ലാതെ പ്രതിസന്ധിയിലായ വ്യാപാരികൾ ഇവരുടെ വലയിൽ വീഴുകയാണ്. രഹസ്യമായാണ് ഇതിന്റെ കൈമാറ്റം. വിജനമായ റോഡരികുകളിലോ നാട്ടിൻപുറങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങളിലോ പോയാണ് മീനിന്റെ കൈമാറ്റം.

അഴീക്കോട് കഴിഞ്ഞ ദിവസം ഇത്തരം കൈമാറ്റം നടക്കുന്നതറിഞ്ഞ് ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും ആളുകൾ രക്ഷപ്പെട്ടിരുന്നു.

അളവിന് തുല്യമായി ഐസ് ചേർത്ത് സൂക്ഷിക്കാനും വ്യാപാരികൾ തയ്യാറാകുന്നില്ല. ലോക്ക്ഡൗണിൽ ഐസിന്റെ ലഭ്യത കുറവും മത്സ്യം സൂക്ഷിക്കുന്നതിൽ തടസമാണ്.

കയറ്റുമതി മത്സ്യം സൂക്ഷിക്കുന്നത് മൈനസ് 80 ഡിഗ്രിയിൽ

പുറത്തെടുത്താൽ 6 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം

ബൈറ്റുകൾ

പരിശോധന കൂടുതൽ സജീവമാക്കും. രാത്രിയിൽ ജില്ലാ അതിർത്തികളിൽ തന്നെ മത്സ്യലോറികൾ പരിശോധിച്ചുതുടങ്ങിയിട്ടുണ്ട്.

പി.കെ ഗൗരീഷ്, ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമ്മിഷണർ

ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ ഇത്തരം മത്സ്യവിതരണം അംഗീകരിക്കുന്നില്ല. ജില്ലയിൽ 30 ടൺ വരെ മത്സ്യം ഒരു ദിവസം വിറ്റുപോകുന്നുണ്ട്. പരിശോധനയും കാര്യക്ഷമമല്ല.

മുഹമ്മദ് ആർ.എം.എ,

ആൾ കേരള ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ