മട്ടന്നൂർ: ലോക്ക് ഡൗണിന്റെ ഭാഗമായി മട്ടന്നൂർ മേഖലയിൽ വാഹന പരിശോധന ശക്തമാക്കി. നിയമ ലംഘനം നടത്തിയ 50 ബൈക്കുകളും ഏഴ് കാറുകളും പിടികൂടി. 70 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മട്ടന്നൂർ ടൗൺ, ചാവശ്ശേരി, ഉരുവച്ചാൽ, ചാലോട് എന്നിവിടങ്ങളിലാണ് മട്ടന്നൂർ പൊലീസിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നത്.
പലതവണ മുന്നറിയിപ്പു നൽകിയിട്ടും വാഹനങ്ങളിൽ ആളുകൾ എത്തുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് പിഴ അടക്കേണ്ടിയും വരും. പിടികൂടിയ വാഹനങ്ങളെക്കൊണ്ട് മട്ടന്നൂർ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ട് നിറഞ്ഞിരിക്കുകയാണ്.