കാസർകോട്: കൊവിഡ് 19 ബാധിച്ചവരെ ഒഴികെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മംഗളൂരുവിലേക്ക് കടത്തിവിടാമെന്ന ചീഫ് സെക്രട്ടറിതല ധാരണ പാലിക്കാതെ കർണാടക വീണ്ടും കാലുമാറി. കേരള -കർണാടക അതിർത്തിയായ തലപ്പാടിയിൽ ഇപ്പോൾ ആരെയും തടയുന്നില്ലെന്നും പ്രശ്നം പരിഹരിച്ചുവെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ച ഇന്നലെത്തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് ഗുരുതരാവസ്ഥയുള്ള രോഗികളുമായി പോയ ആംബുലൻസുകളെ പൊലീസ് തടഞ്ഞു.
തളിപ്പറമ്പ് നിന്നെത്തിയ പതിനഞ്ച് വയസുകാരനും, പയ്യന്നൂർ സ്വദേശിയായ പ്രായമായ സ്ത്രീക്കും അതിർത്തിയിൽ അനുമതി നൽകാത്തതിനെ തുടർന്ന് മണിക്കൂറുകൾ കാത്തിരുന്ന ശേഷം തിരിച്ച് പോകേണ്ടി വന്നു. ഉത്തരവിന്റെ വിവരങ്ങൾ തങ്ങൾക്ക് ഔദ്യോഗികമായി ലഭിച്ചില്ലെന്നും അതിനാൽ യാത്ര അനുവദിക്കാൻ കഴിയില്ലെന്നുമാണ് ഇവരെ തടഞ്ഞ കർണാടക പൊലീസ് അറിയിച്ചത്. അതേസമയം കർണാടകയിൽ നിന്നുള്ള ചരക്കുവാഹനങ്ങളെ പൊലീസ് കടത്തിവിടുന്നുമുണ്ട്.
രോഗികളെ കടത്തിവിടാൻ പ്രത്യേക മാർഗരേഖ തയ്യാറാക്കിയെന്നും തുഷാർമേത്ത സുപ്രിംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ മാർഗരേഖ അദ്ദേഹം വിശദീകരിച്ചില്ല. സോളിസിറ്റർ ജനറലിന്റെ വാദം മുൻനിറുത്തി കേസ് പരിഗണിച്ച ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് കേരളത്തിന്റെ വാദം കേട്ടതുമില്ല. അടിയന്തിരസ്വഭാവമുള്ള കേസുകൾ മാത്രം മംഗലാപുരത്തേക്ക് അനുവദിക്കാമെന്നായിരുന്നു ഒത്തുതീർപ്പായി കർണാടക അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചത്. രോഗികളുമായി എത്തുന്നവരോട് കാര്യങ്ങൾ തിരക്കാൻ പോലും കർണാടക പൊലീസ് തയ്യാറാവുന്നില്ല.
രോഗികളെ കയറ്റിവിടാമെന്ന ഉറപ്പ് പാലിക്കാത്ത കർണാടക നിലപാടിനെതിരെ രാജ് മോഹൻ ഉണ്ണിത്താൻ എം.പി വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. ഇന്നലെ ഉണ്ണിത്താൻ അടക്കമുള്ളവരുടെ ഹർജികൾ സോളിസിറ്റർ ജനറലിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തീർപ്പാക്കിയിരുന്നു.