-singers

കാസർകോട്: ലോകം മുഴുവൻ സുഖം പകരാൻ കൈകോർക്കുകയാണ് സംഗീത ലോകം. പ്രശസ്തരായ കേരളത്തിലെ ചലച്ചിത്ര പിന്നണി ഗായകരായ 23 ഓളം പേർ ഒരുമയുടെ പാട്ടുകൾ ലോകത്തിലെ ജനങ്ങളുടെ മുമ്പാകെ സമർപ്പിക്കുകയാണ്. ലോകമെമ്പാടും ഭയചകിതരായി നിൽക്കുന്ന അവസ്ഥയിൽ ശാന്തിയും സമാധാനവും നിലനിർത്തുന്നതിനും കൊവിഡ് 19 വൈറസിനെ തുടച്ചു മാറ്റുന്നതിനും ദൈവത്തോട് പ്രാർത്ഥിക്കുകയാണ് ഒറ്റക്കിരുന്നു ഒരുമയുടെ പാട്ടുപാടി ഗായകർ.

'ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ... ' എന്ന ഗാനമാണ് എല്ലാവരും ചേർന്ന് പാടിയത്. വളരെ പെട്ടെന്നുണ്ടായ ആശയത്തിൽ ആ സമയം കിട്ടിയവരെ ഉൾപ്പെടുത്തിയാണ് ഇത് തയ്യാറാക്കിയതെന്ന് മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ് ചിത്ര പറഞ്ഞു. ഓരോ ഗായകരും അവരവരുടെ വീട്ടിൽ ഇരുന്ന് പാട്ടിന്റെ ഓരോ വരികൾ പാടി സമർപ്പിക്കുകയാണ് ചെയ്യുന്നത്.

കെ.എസ് ചിത്ര, കാവാലം ശ്രീകുമാർ, എസ്. സുജാത, ശരത് , ശ്രീറാം, പ്രേത, ശ്വേതാ, സംഗീത, വിധു പ്രതാപ്, റിമി ടോമി, അഫ്സൽ, ജ്യോത്സ്ന, നിഷാദ്, രാകേഷ്, ടിനു, രവിശങ്കർ, ദേവാനന്ദ്, രഞ്ജിനി ജോസ്, രാജലക്ഷ്മി, രമേശ് ബാബു, അഖില ആനന്ദ്, ദിവ്യ മേനോൻ, സച്ചിൻ വാര്യർ എന്നിവരാണ് ഓരോ വരികൾ ആലപിച്ചത്. വീട്ടിൽ ഇരിക്കൂ, അകലം പാലിക്കൂ എന്ന സന്ദേശവുമായാണ് പാട്ട് അവസാനിക്കുന്നത്.