കാസർകോട്: കർശന ഉപാധികളോടെ ഗുരുതര രോഗം ബാധിച്ചവരെ കടത്തി വിടാമെന്ന് കർണാടക സമ്മതിച്ചതോടെ കേരള-കർണാടക അതിർത്തിയിൽ മെഡിക്കൽ സംഘം സജ്ജമായി. കാസർകോട് ജില്ലാ കളക്ടർ നിയമിച്ച മെഡിക്കൽ സംഘവും ആംബുലൻസുകളും ഇന്ന് രാവിലെ തലപ്പാടി അതിർത്തിയിൽ എത്തി. കർണാടക സർക്കാരും അതിർത്തിയിൽ മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാസർകോട് നിന്നുള്ള മെഡിക്കൽ സംഘത്തിന്റെ പരിശോധനാ റിപ്പോർട്ടും സാക്ഷ്യപത്രവും ആയി അതിർത്തി കടക്കുന്ന രോഗികളെ കർണാടകയുടെ മെഡിക്കൽ സംഘവും പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം വിദഗ്ധ ചികിത്സക്കായി മംഗളൂരു വരെ ആശുപത്രിയിൽ കടത്തിവിടും. കൊവിഡ് രോഗമോ രോഗലക്ഷണമോ ഇല്ലാത്ത, കാസർകോട് ജില്ലയിൽ ചികിത്സ ലഭിക്കാൻ സാഹചര്യം ഇല്ലാത്തതുമായ രോഗികളെയാണ് കർണാടക അതിർത്തി കടത്തുക.
കേരള സർക്കാരിന്റെ മെഡിക്കൽ സംഘമായി മംഗൽപ്പാടി താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സർജ്ജന്മരായ ഡോ. ഹരികൃഷ്ണൻ (9496820103) ഡോ സനൂജ് (9496333577) എന്നിവർ ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി എട്ടു മുതൽ രാവിലെ എട്ടുവരെയും ഡോ നിഷ (8592812615) രാവിലെ എട്ടു മുതൽ ഉച്ച്ക്ക് രണ്ടുവരെയും ഡോ മൈഥിലി (8304812407) ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ടുവരെയെയും സർട്ടിഫിക്കറ്റ് നൽകാനുള്ള മെഡിക്കൽ ഓഫീസർമാരായി തലപ്പാടി അതിർത്തിയിൽ ഉണ്ടാകും. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പ്രത്യക ഉത്തരവിലൂടെയാണ് ഇവരെ നിയോഗിച്ചത്. ഇവരുടെ സേവനം തലപാടിയിൽ എപ്പോഴും ലഭിക്കും. അവിടെ 108 ആംബുലൻസിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.