കണ്ണൂർ: മദ്യാസക്തിയിൽ വിറളി പിടിച്ചു അക്രമാസക്തനായ രോഗി ചികിത്സയിലിരിക്കെ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. മട്ടന്നൂർ കോളാരി സ്വദേശി സുരേഷ് ബാബു (45) ആണ് തലശ്ശേരി ജനറൽ ആശുപത്രി മെഡിക്കൽ വാർഡ് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയത്. ആത്മഹത്യാ ശ്രമത്തിനിടയിൽ തലക്കും കൈകാലുകൾക്കും പരിക്കേറ്റ സുരേഷ് ബാബുവിനെ അഗ്നിശമന സേന രക്ഷിച്ച് ആശുപത്രിയിലാക്കി. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കൊറോണ വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക് ഡൗണിനെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ മദ്യപാന ശീലമുള്ള സുരേഷ് ബാബു ഇതോടെ പ്രയാസത്തിലായി.
ബന്ധുക്കളും സുഹൃത്തുക്കളും ഇടപെട്ടാണ് കഴിഞ്ഞ ദിവസം ഇയാളെ മദ്യ വിമുക്തി ചികിത്സക്കായി തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ മദ്യവിമുക്ത ചികിത്സ നടത്തി വരുന്നതിനിടെയാണ് ഇയാൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയത്. കഴിഞ്ഞയാഴ്ച്ച അഞ്ചരക്കണ്ടി കണ്ണാടി വെളിച്ചം സ്വദേശിയായ യുവാവ് ജീവനൊടുക്കിയിരുന്നു. ലോക്ഡൗണിന് ശേഷം നൂറോളം പേർ കണ്ണൂരിൽ ചികിത്സയിലാണ്. ലോക്ഡൗൺ നീളുകയാണെങ്കിൽ സമാനമായ സംഭവങ്ങൾ കൂടാൻ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.