കണ്ണൂർ: കൊവിഡ് 19 വൈറസ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് തെരുവിൽ ഇറങ്ങുന്നവരെ നിയന്ത്രിക്കാനുള്ള പൊലീസ് നടപടി ശക്തമാക്കുന്നു. അനാവശ്യമായി ഇറങ്ങുന്നവർക്കെതിരെ കേസെടുത്തും വാഹനങ്ങൾ പിടിച്ചെടുത്തുമാണ് നടപടി പുരോഗമിക്കുന്നത്. തലശേരി പൊലീസ് സ്റ്റേഷനിൽ ഇന്നലെ ഇത്തരത്തിൽ 43 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കണ്ണൂർ ടൗണിൽ മാത്രം 39 കേസുകൾ രജിസ്റ്റർ ചെയ്തു. ഇവിടെ പിടിച്ചെടുത്ത വണ്ടികൾ മാത്രം150 ആയിട്ടുണ്ട്.
പലതും പൊടിയും വെയിലുമേറ്റ് കേടുപാട് സംഭവിക്കുമെന്നാണ് ഉടമകളുടെ ആശങ്ക. ദിവസങ്ങളോളം വണ്ടി സ്റ്റാർട്ട് ചെയ്യാതെ വെച്ചാൽ യന്ത്രഭാഗങ്ങൾക്കും ബാറ്ററികൾക്കും തകരാർ സംഭവിക്കും. വാഹനങ്ങൾ തിരിച്ച് കിട്ടാനുള്ള കാത്തിരിപ്പിനൊടുവിൽ പിഴയും അടച്ചാലും അറ്റകുറ്റപ്പണിയ്ക്കും പണം കണ്ടെത്തേണ്ട അവസ്ഥയിലായിട്ടുണ്ട് ഉടമകൾ. ലോക്ക്ഡൗൺ പിൻവലിച്ചാലേ വണ്ടികൾ വിട്ടു നൽകൂ എന്നാണ് പൊലീസ് തീരുമാനം.
പരിശോധനകൾ ഇനിയും കർശനമാക്കുമെന്നും ഹോം ഡെലിവറി അടക്കമുള്ള സേവനങ്ങളെ ആശ്രയിക്കണമെന്നുമാണ് പൊലീസ് നിർദ്ദേശം. പച്ചക്കറികൾ വാങ്ങാനെന്ന പേരിൽ ദിവസവും ഇറങ്ങി നടക്കാൻ അനുവദിക്കില്ലെന്നും ഇവർ പറയുന്നു. നാട്ടിൽ ലഭ്യമല്ലെന്ന കാരണം പറഞ്ഞ് ദൂരേയ്ക്ക് പോകാൻ അനുമതിയില്ല, ഉള്ളത് കൊണ്ട് തൃപ്തിപ്പെടണമെന്നാണ് നിർദ്ദേശം. അതേസമയം വ്യാപാരികൾക്ക് സാധനങ്ങൾ ശേഖരിക്കാൻ പോകുന്നതിന് തടസമില്ല.
ജോലി സ്ഥലത്തേക്ക് ഇറങ്ങാൻ പോലും യാതൊരു കാരണവശാലും അനുമതി നൽകില്ലെന്നാണ് തീരുമാനം. രോഗങ്ങൾ ഉണ്ടെങ്കിൽ പരമാവധി ടെലിഫോൺ വഴി ഉപദേശം തേടുകയും അടിയന്തിരഘട്ടങ്ങളിൽ ആംബുലൻസ് വിളിക്കാനുമാണ് നിർദ്ദേശം. മരണ വീടുകളിൽ പോകാനും സർക്കാർ നിർദ്ദേശം പാലിക്കണം. പ്രഭാത സവാരിയെന്ന പേരിൽ ഇറങ്ങി നടന്നതിനെതിരെയും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.