parassinikadavu

കണ്ണൂർ: ചൊവ്വാഴ്ച രാത്രി അന്തരിച്ച പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം മുഖ്യ സ്ഥാനീകൻ മുകുന്ദൻ മടയൻ ജീവിതം മുത്തപ്പനിൽ സമർപ്പിച്ച വ്യക്തി. പറശിനിക്കടവ് മടപ്പുര മടയനും ക്ഷേത്രം ട്രസ്റ്റിയുമായി 2009 ജനുവരിയിലാണ് ചുമതല ഏൽക്കുന്നത്. അതിന് മുമ്പുള്ള ജീവിത കാലവും മുത്തപ്പനിൽ സമർപ്പിച്ച് ബ്രഹ്മചാരിയായി ജീവിക്കുകയായിരുന്നു. ക്ഷേത്രം ജനറൽ മാനേജർ കൂടിയാണ് പി.എം. മുകുന്ദൻ മടയൻ (91).

മടപ്പുരയുടെ വികസനത്തിന് നിരവധി പ്രവർത്തനങ്ങളാണ് മടയൻ നടത്തിയത്. 1500പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ആധുനിക ഊട്ടുപുര, കഴകപുര എന്നിവ വികസന പ്രവർത്തനങ്ങളിൽ എണ്ണപ്പെട്ടതാണ്. കൂടാതെ ശ്രീകോവിൽ പിത്തള പാകി ശ്രേഷ്ഠമാക്കുകയും ചെയ്തു. രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി ദിവസേന നൂറു കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തുന്നത്.

ക്ഷേത്രത്തിൽ ബയോ ടോയിലറ്റ് സ്ഥാപിച്ച് ക്ഷേത്രവും പരിസരവും വൃത്തിയോടെ നിലനിർത്താൻ മടയൻ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ദേഹവിയോഗം ഭക്ത മാനസങ്ങൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ ദർശനത്തിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പകൽ 2 മണിക്ക് സംസ്‌കാര ചടങ്ങുകൾ തുടങ്ങും.