നൈജീരിയ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ കഴിയുന്ന ഇന്ത്യക്കാർ കടുത്ത ആശങ്കയിൽ. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൊവിഡ് 19 വ്യാപിക്കാൻ തുടങ്ങിയതോടെ നൈജീരിയൻ സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളായ ലാഗോസിൽ 125 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
എഫ്.സി.ടിയിൽ 45, ഓസൺ 20, ഓയോ 13,അക്വ ഐസോൺ എഴ്, ഓഗൺ എഴ് എന്നിങ്ങനെയാണ് സ്ഥിരീകരിച്ച രോഗികളുടെ കണക്ക്. ഈസ്റ്റ് നൈജീരിയയിൽ വൈറസ് വ്യാപനം എത്തിയിട്ടില്ലെങ്കിലും മുൻ കരുതൽ നടപടികളുടെ ഭാഗമായി ഭാഗിക ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. മാളുകളും സൂപ്പർ മാർക്കറ്റുകൾക്ക് നിബന്ധനകളോടെ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. 20ൽ കൂടുതൽ ആളുകൾ കൂടിനൽക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും എത്തുന്നവരുടെ പനി പരിശോധിച്ച് മാത്രമേ കയറ്റി വിടുന്നുള്ളു.
37.9 ഡിഗ്രിസെൽഷ്യസിൽ കൂടുതൽ പനി രേഖപ്പെടുത്തുന്നവരെ വീടുകളിലേക്കും ആശുപത്രികളിലേക്കും തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഏതാണ്ട് 40,000 ത്തോളം ഇന്ത്യക്കാർ നൈജീരിയയിൽ ഉണ്ടെന്നാണ് കണക്ക്. നൈജീരിയയിൽ വൈറസ് പടരാൻ തുടങ്ങിയാൽ കേരളത്തെപോലെ പിടിച്ച് നിർത്താൻ കഴിയില്ലെന്നാണ് ഇവിടെയുള്ള മലയാളികൾ പറയുന്നത്. നിയമത്തെയോ ഭരണഘടനയെയോ കാര്യമായി അംഗീകരിക്കാത്ത വലിയൊരു വിഭാഗം ജനങ്ങൾ രാജ്യത്തുണ്ട്.
വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാത്ത ഈ വിഭാഗത്തിൽ പെട്ടവരാണ് വലിയ വെല്ലുവിളി. വർഷത്തിൽ ഒരിക്കലെങ്കിലും മലേറിയയുടെ മരുന്ന് കഴിക്കാത്തവർ നൈജീരിയയിൽ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ തങ്ങൾക്ക് കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ കഴിയും എന്നാണ് തദ്ദേശീയരുടെ അകാശ വാദം. എന്തു സംഭവിച്ചാലും അത്യാവശ്യത്തിനു പോലും നാട്ടിലേക്ക് വരാൻ കഴിയാത്ത അവസ്ഥയിലാണ് നൈജീരിയയിലുള്ള ഇന്ത്യക്കാർ.