കണ്ണൂർ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളൊക്കെ നടപ്പാക്കിയാലും കേരളത്തിന് രക്ഷയില്ലെന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. കാരണം, സമീപത്തെ സംസ്ഥാനങ്ങളിലെല്ലാം കൊവിഡ് 19 അതി ഭീകരമാം വിധത്തിൽ വ്യാപിക്കുകയാണ്. അതിർത്തികൾ അടക്കുകയും കേരളത്തിലെ പത്തിലേറെ രോഗികളുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത കർണ്ണാടകയിൽ പോലും സ്ഥിതി വ്യത്യസ്ഥമല്ല. മുംബൈ മഹാനഗരം ഉൾപ്പെടുന്ന മഹാരാഷ്ട്രയോട് അതിർത്തി പങ്കിടുന്ന സംസ്ഥാനമെന്ന നിലയിലാണ് കർണ്ണാടകയെ കൊവിഡ് ഭീതി അലട്ടുന്നത്. ഏറ്റവും കൂടുതൽ ചരക്ക് ഗതാഗതം നടക്കുന്നതിനാൽ ഇവിടെയെല്ലാം ആശങ്കയുണ്ട്. തമിഴ്നാട്ടിലും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇവിടത്തെ ജനങ്ങളും ആശങ്കയിലാണ്.
തുടക്കത്തിൽ കൊവിഡ് വ്യാപനത്തിൽ ആദ്യ അഞ്ചിൽ പോലും തമിഴ്നാട് ഉണ്ടായിരുന്നില്ല. എന്നാൽ, കാര്യങ്ങൾ പതുക്കെ മാറിമറിഞ്ഞു. തമിഴ്നാട്ടിൽ 69 പേർക്ക് ആണ് ഇന്നലെ മാത്രം കൊവിഡ് ബാധിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 760 ആയി. കേരളം അതിജീവിച്ച് കയറുമ്പോഴാണ് ഈ അവസ്ഥ. കർണാടകയിൽ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ, മംഗളൂരു, കലബുർഗി, കൂർഗ്, ചിക്കബല്ലാപുര, ബെൽഗാവി, ധാർവാദ് എന്നീ ജില്ലകളാണ് കടുത്ത ആശങ്കയിൽ കഴിയുന്നത്.
കഴിഞ്ഞ മാസം കൽബുർഗിയിൽ 76കാരൻ മുഹമ്മദ് ഹുസൈൻ സിദ്ദിഖി രോഗം ബാധിച്ചത് രാജ്യത്തെ തന്നെ ഞെട്ടിച്ചിരുന്നു. ഇദ്ദേഹത്തിന് ചികിത്സ നൽകിയതിലുൾപ്പെടെ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. മൃതദേഹം മാറ്റിയതിൽ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചില്ലെന്നായിരുന്നു ആക്ഷേപം. റെയിൽവേ സ്റ്റേഷനിലെ തെർമൽ സ്‌ക്രീനിംഗ് പരിശോധനയിൽ അലംഭാവം കാണിച്ച ഉദ്യോഗസ്ഥനെ മാർച്ച് മാസത്തിൽ കർണാടക സസ്‌പെൻഡ് ചെയ്തിരുന്നു. തുമകൂരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നരസിംഹ മൂർത്തിക്ക് എതിരെയായിരുന്നു നടപടി. തുമകൂരു സ്റ്റേഷനിൽ വന്നിറങ്ങുന്നവരെ ഉദ്യോഗസ്ഥൻ അലസമായി പരിശോധിക്കുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയായിരുന്നു നടപടി. രോഗവ്യാപനത്തിൽ കർണാടക കാട്ടുന്ന അലസത ചർച്ചയായതാണ് കേരള അതിർത്തി അടച്ച് മുഖം രക്ഷിക്കാൻ ഇവരെ പ്രേരിപ്പിച്ചത്. എന്നാൽ ഇതുകൊണ്ടൊന്നും ഇവർക്ക് രക്ഷയുണ്ടാകില്ലെന്നാണ് നിലവിലെ അവസ്ഥ സൂചന നൽകുന്നത്.
തമിഴ്നാട്ടിൽ ചെന്നൈ സ്വദേശിയായ 69കാരനാണ് ഒടുവിൽ മരണപ്പെട്ടത്. ഇതോടെ വൈറസ് ബാധയെ തുടർന്ന് ഏഴ് പേർ മരിച്ചു. ഇന്നലെ ഇവിടെ പുതുതായി 69 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 690 ആയി ഉയർന്നെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറയുന്നു. നിസാമുദ്ദീൻ സമ്മേളനം കഴിഞ്ഞ് എത്തിയവരാണ് രോഗ വ്യാപനത്തിന് ഇടയാക്കിയത്. ഇതിനിടെ രാമനാഥപുരം സ്വദേശിയുടെ മൃതദേഹം വിട്ടുനൽകിയതിലും വൻ വീഴ്ച സംഭവിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. കൊവിഡ് ലക്ഷണങ്ങളോടെയാണ് മരിച്ചതെങ്കിലും പരിശോധനാ ഫലം പുറത്തുവരുന്നതിന് മുൻപ് തന്നെ ആശുപത്രിയിൽ നിന്ന് ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകി. ഞായറാഴ്ചയാണ് കൊവിഡ് പരിശോധന ഫലം ലഭിച്ചത്. കൊവിഡ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാൽ അപ്പോഴേക്കും ശവസംസ്‌കാരം കഴിഞ്ഞിരുന്നു. 50 ലേറെ പേർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. 71 വയസുകാരനാണ് മരിച്ചത്. ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയാണ് മൃതദേഹം വിട്ടുകൊടുത്തത്. ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ രണ്ടിന് മരണം സംഭവിക്കുകയായിരുന്നു.
സംസ്‌കാരത്തിൽ അണ്ണാ ഡി.എം.കെ എം.എൽ.എ മണികണ്ഠൻ അടക്കം 50 ഓളം പേർ പങ്കെടുത്തു. ലോക്ക് ഡൗൺ കാലമായതിനാൽ 20 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന നിയമം പോലും ലംഘിക്കപ്പെട്ടു. ഇവരെല്ലാം പിന്നീട് ജനങ്ങളുമായി ബന്ധപ്പെട്ടു. ഇവരെല്ലാം സമൂഹ വ്യാപനത്തിന് ഇടയാക്കിയിരിക്കാമെന്നാണ് ആശങ്ക. ഇതോടെ എന്ത് ചെയ്യണമെന്നും അറിയാതെ പരിഭ്രാന്തിയിലാണ് ഇവിടത്തെ ആരോഗ്യ വകുപ്പ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ജനങ്ങൾ ലോക്ക്ഡൗൺ ലംഘിച്ച് ഗ്രാമീണ മേഖലയിൽ ഇറങ്ങുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.