ചെറുവത്തൂർ(കാസർകോട്): സാധാരണക്കാർക്ക് ആശ്രയമായിരുന്ന ചീമേനി ജയിലിൽ നിന്നുള്ള ഭക്ഷണ വിൽപ്പന നിലച്ചു. കൊവിഡ് 19 വ്യാപനം തടയാൻ തടവുകാർക്ക് കൂട്ടത്തോടെ പരോൾ നൽകിയതാണ് പ്രതിസന്ധിയായത്. ഇരുന്നൂറോളം പേരിൽ 180പേരും പോയതോടെ ജയിലിലെ ജോലികളെല്ലാം പ്രതിസന്ധിയിലായി. ഇതോടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ളവരെ ഉപയോഗിച്ചാണ് അത്യാവശ്യ കാര്യങ്ങൾ നടത്തുന്നത്. ഭക്ഷണ നിർമ്മാണവും വിൽപ്പനയും പൂർണ്ണമായും നിലച്ചതോടെ നാൽപത് പേരെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇവിടേക്ക് നീക്കി. ഇവരാണ് പച്ചക്കറികൾ കരിയാതെ വെള്ളമൊഴിച്ച് സംരക്ഷിക്കുന്നത്. 350 ഏക്കർ ഭൂമിയിലാണ് ചീമേനിയിലെ തുറന്ന ജയിൽ വ്യാപിച്ച് കിടക്കുന്നത്. ഭൂരിഭാഗം സ്ഥലവും ചെങ്കൽ മേഖലയായ ഇവിടെ നിന്നും തടവുകാരെ ഉപയോഗിച്ച് ചെങ്കൽപണയും നടത്തിയിരുന്നു. പരോൾ വന്നതോടെ ഇതെല്ലാം നിലച്ചു. പശുക്കൾ, ആടുകൾ, കോഴികൾ, മുയലുകൾ എന്നിവയുടെ ഫാമുകളെല്ലാം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ജയിലിന് കാര്യമായ വരുമാനം നേടിക്കൊടുക്കുന്നതാണ് ഇത്തരം തൊഴിലുകൾ. തടവുകാർക്ക് പരിമിതമായ വേതനം നൽകുന്നുമുണ്ട്. 65 രൂപയ്ക്ക് ബിരിയാണിയും രണ്ട് രൂപയ്ക്ക് ചപ്പാത്തിയുമൊക്കെ നൽകുന്നതിനാൽ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ജനങ്ങൾക്കും ആശ്വാസമായിരുന്നു. ഇപ്പോൾ ഹോട്ടലുകൾ പോലും പ്രവർത്തിക്കാത്തതോടെ ഇത് നിലച്ചത് ഇവർക്കും ദുരിതമായിട്ടുണ്ട്. ചീമേനിയിൽ 15 പേരെയാണ് ഭക്ഷണ നിർമ്മാണത്തിന് നിയോഗിച്ചിരുന്നത്. അറുപത് ദിവസം കഴിയാതെ ഇവരൊന്നും തിരിച്ചെത്തില്ല. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും 78 പേർ പോയെങ്കിലും ഇത് ഭക്ഷണ വിൽപ്പനയെ ബാധിച്ചിട്ടില്ല. തിരുവനന്തപുരം നെട്ടുകാൽ തേരിയിലെ തുറന്ന ജയിലും സമാനമായ പ്രതിസന്ധിയിലാണ്. മുന്നൂറ് പേരാണ് ഇവിടെ നിന്നും പോയത്.