coronsa

കണ്ണൂർ: കോവിഡ്19 സ്ഥിരീകരിച്ച ചെറുകല്ലായി ന്യൂ മാഹി സ്വദേശിയായ 71കാരൻ ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും ഒട്ടേറെ പേരുമായി സമ്പർക്കം പുലർത്തുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മാർച്ച് 15 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ എം.എം ഹൈസ്‌കൂൾ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.

18 ന് പന്ന്യന്നൂർ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നതിനായി മരുമകന്റെ കൂടെ മാഹിപാലം വരെ ബൈക്കിൽ യാത്ര ചെയ്ത ഇദ്ദേഹം, 11 പേരോടൊപ്പം ടെമ്പോ ട്രാവലറിലാണ് ചടങ്ങിനെത്തിയത്. വിവാഹ നിശ്ചയച്ചടങ്ങിൽ വധൂവരൻമാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേർ പങ്കെടുത്തതായാണ് വിവരം. അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേർക്കൊപ്പം എരൂർ പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്തു. ആ സമയത്ത് പള്ളിയിൽ മറ്റ് ഏഴു പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

മാർച്ച് 23ന് നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട ഇദ്ദേഹം, 26ന് മരുമകനും അമ്മാവന്റെ മകനുമൊപ്പം തലശ്ശേരിയിലെ ടെലി മെഡിക്കൽ സെന്ററിലെ ഡോക്ടറെ കണ്ടു. മാർച്ച് 30ന് വീണ്ടും ഇദ്ദേഹം ടെലി മെഡിക്കൽ സെന്ററിലെത്തി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങി. 31ന് ശ്വാസതടസ്സം അനുഭവപ്പെട്ട ഇദ്ദേഹം രാവിലെ 11 മണിക്ക് തലശ്ശേരി ടെലിമെഡിക്കൽ സെന്ററിലെത്തി ഐ.സിയുവിൽ പ്രവേശനം നേടി.

അസുഖം മൂർച്ഛിതോടെ അന്നു വൈകുന്നേരം 4 മണിക്ക് തലശ്ശേരി കോ ഓപ്പറേററീവ് ആശുപത്രിയിലെ ആംബുലൻസിൽ കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തി അഡ്മിറ്റാവുകയും ഏപ്രിൽ ആറിന് സ്രവപരിശോധനക്ക് വിധേയനാവുകയുമായിരുന്നു. കൊവിഡ് സംശയത്തെ തുടർന്ന് ക്വാറന്റൈനിൽ കഴിയുന്ന അമ്മാവന്റെ മക്കളിലൊരാൾ ഇദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. രോഗ ബാധിതനായി മാഹി സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെടാൻ സാധ്യതയുള്ള മുഴുവൻ ആളുകളും പ്രത്യേക ജാഗ്രത പുലർത്തുകയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.