raid-excise
ലഹരി ശേഖരത്തിന് മുന്നിൽ എക്സൈസ് ഉദ്യോഗസ്ഥർ

മട്ടന്നൂർ: പച്ചക്കറിയെന്ന വ്യാജേന കടത്തുകയായിരുന്ന 50000 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ മട്ടന്നൂർ എക്‌സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷും സംഘവും പിടികൂടി. മൈസൂരിൽ നിന്ന് വയനാട് വഴി വരികയായിരുന്ന ബെലോറ പിക്അപ്പിൽ ഉള്ളി ചാക്കുകൾക്ക് അടിയിൽ 25 ചാക്കുകളിലായാണ് സൂക്ഷിച്ചു വെച്ചത്. ചാവശ്ശേരി 19 മൈലിലായിരുന്നു റെയ്ഡ്. എക്സൈസ് പാർട്ടിയെ കണ്ട് വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. മട്ടന്നൂർ, ഉളിയിൽ ,നരയൻപാറ എന്നിവിടങ്ങളിൽ നിരോധിത പുകയില വസ്തുക്കൾ വ്യാപകമായി വില്പന നടത്തുന്നതിനെതിരെ എക്സൈസ് ശക്തമായ നടപടിയെടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്രയും വലിയ ശേഖരം മട്ടന്നൂർ റെയിഞ്ച് കണ്ടെത്തുന്നത്. മാർക്കറ്റിൽ ഇതിന് രണ്ടര ലക്ഷം വിലയുള്ളതായി കണക്കാക്കുന്നു. കടത്തി കൊണ്ടുവന്നവരെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ ബഷീർ പിലാട്ട്, പി.കെ അനിൽകുമാർ, കെ.കെ ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ശ്രീനാഥ്, പി.പി സുഹൈൽ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.