ambulance

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസിലെ ഡ്രൈവർമാർക്ക് കണ്ണൂരിൽ പൊലീസിൻ്റെ ഭീകര മർദ്ദനം. കണ്ണൂർ തോട്ടടയിലെ ജിജി മോട്ടോഴ്സിൽ ആംബുലൻസ് സർവീസിന് കൊണ്ടുപോയ കാസർകോട് ജില്ലക്കാരായ രതീഷ്, രാജേഷ്, സുമിത്, മിഥുൻ എന്നിവരെയാണ് പൊലീസുകാർ അകാരണമായി തല്ലിയത്. രാവിലെ 11 ന് ഷോറും തുറക്കുന്നതിന് അൽപം നേരത്തെ എത്തി റോഡരികിൽ നിൽക്കുകയായിരുന്നു ഇവർ. വാഹനത്തിൽ എത്തിയ പൊലീസുകാർ ഇറങ്ങി അടിക്കുകയായിരുന്നു.

ഞങ്ങൾ 108 ആംബുലൻസ് ജീവനക്കാർ ആണെന്ന് പറഞ്ഞിട്ടും ഐഡി കാർഡ് കാണിച്ചിട്ടും അടി തുടരുകയായിരുന്നു എന്ന് രതീഷ് പറയുന്നു. ജിജി മോട്ടോഴ്സിന്റെ ഗേറ്റ് അടച്ചതിനാൽ ഇരുവർക്കും അകത്തു കയറി നിൽക്കാൻ സാധിച്ചില്ല. റോഡരികിൽ നിന്നു എന്ന ഒറ്റ കാരണത്തിലാണ് പൊലീസുകാർ ഈ ക്രൂരത ചെയ്തതത്രെ. രോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ പ്രത്യേക പരിഗണന നൽകണമെന്നു മുഖ്യമന്ത്രി തന്നെ പറയുന്ന സാഹചര്യത്തിൽ ആണ് ഈ ഗുണ്ടായിസം. യാതൊരു കാരണവും ഇല്ലാതെ അകാരണമായി 108 ജീവനക്കാരെ ആക്രമിച്ച പൊലീസുകാരുടെ നടപടിക്കു എതിരെ സി.ഐ.ടി.യു 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ കാസർകോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് സെക്രട്ടറി സന്തോഷ്‌ ആവശ്യപ്പെട്ടു.