കാസർകോട്: കൊവിഡ് 19 ഭീതിയിൽ നാടും നഗരവും ലോക്ക് ഡൗണിൽ കഴിയുന്നതിനിടെ വാടക നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെയും ഭാര്യയെയും മകനെയും ക്വാര്‍ട്ടേഴ്‌സില്‍ കയറി സംഘം ചേര്‍ന്ന് അക്രമിച്ചു. ബദിയടുക്ക കന്യാപ്പാടി റോഡ് മാടത്തടുക്കയില്‍ ബദ് രിയ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്ല (34) യെയും കുടുംബത്തെയുമാണ് കഴിഞ്ഞ മാസത്തെ വാടക കൊടുക്കാത്തതിന്റെ പേരില്‍ ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ നേതൃത്വത്തില്‍ നാലംഗ സംഘം വീട്ടില്‍ കയറി അക്രമിച്ചത്. അബ്ദുല്ലയെ അക്രമിക്കുന്നത് തടയാന്‍ ചെന്നപ്പോഴാണ് ഭാര്യ ഖമറുന്നിസയ്ക്കും മകന്‍ അഭിനയിക്കും പരിക്കേറ്റത്. അബ്ദുല്ലയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാടക കൊടുക്കാത്തതിന് ക്വാര്‍ട്ടേഴ്‌സിലേക്കുള്ള കുടിവെള്ള വിതരണവും തടസ്സപ്പെടുത്തുകയും ചെയ്തു. അബ്ദുല്ലയുടെ ഇരുകാല്‍മുട്ടുകൾക്കാണ് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.