കാഞ്ഞങ്ങാട് :കണിച്ചട്ടിയുമായി ഗ്രാമ നഗര ഭേദമില്ലാതെയെത്തുന്ന അമ്മമാരുടെ കണ്ണീരു വീണു നനഞ്ഞതാണ് ഇത്തവണത്തെ വിഷുക്കാലം.ചട്ടി വിൽപനയിലൂടെ ഒരു വർഷത്തെ പ്രയത്നത്തിൻ്റെ ഫലം നേടുന്നത് വിഷുക്കാലത്താണ്.

പടിഞ്ഞാറ്റയിൽ നിരത്തിയ കണിച്ചട്ടിയിലാണ് ഉണ്ണിയപ്പം ഉൾപ്പെടെയുള്ള പലഹാരങ്ങൾ കണി വയ്ക്കുക. വിഷുവിന് എത്രയോ നാൾ മുമ്പ് എരിക്കുളത്തുനിന്ന്‌ കലവുമായി കാഞ്ഞങ്ങാട്ടും നീലേശ്വരത്തും ജില്ലയുടെ വിവിധ ഭാഗങ്ങളിലും മൺകലം നിർമാണം കുലത്തൊഴിലാക്കിയവരെത്തും. ഇത്തവണയും പതിവുപോലെ കണിച്ചട്ടിയൊരുക്കിയെങ്കിലും ആകസ്മികമായി വന്ന കൊറോണ എല്ലാം തകിടം മറിച്ചു. നിർമ്മിച്ച കണിക്കലങ്ങളെല്ലാം വീട്ടിൽ വിശ്രമത്തിലാണ്.

ഇത്തവണ വിഷുവരെ ലോക് ഡൗണാണ്. വാഹനങ്ങൾ ഓടാത്തതും കൂട്ടം കൂടി നിൽക്കുന്നത് തടസ്സപ്പെട്ടതിനാലും കണിച്ചട്ടി വിൽപന അവതാളത്തിലായി. എരിക്കുളത്തെ മൺകലങ്ങൾക്ക് എല്ലാ നാട്ടിലും പേരുണ്ട്. കിലോമീറ്ററോളം തലച്ചുമടായി കൊണ്ടു പോയാണ് അമ്മമാർ കലം വിൽക്കുന്നത്. പുതിയ തലമുറയുടെ ടെൻഡ് മാറിയതോടെ മൺകലങ്ങളുടെ വില്പന കുറഞ്ഞു.

വൻകിട ഹോട്ടലുകളിൽ മൺകലങ്ങളിൽ ഭക്ഷണമുണ്ടാക്കുന്ന സമ്പ്രദായം തിരിച്ചു വരുന്നുണ്ട്. കൊയ്ത്തുകഴിഞ്ഞശേഷമാണ് മൺകലം വിൽപ്പന. നെല്ലായിരുന്നു പണ്ടുകാലത്ത് വില നൽകിയിരുന്നത്. നീലേശ്വരത്തും ചെറുവത്തൂരിലും കരിവെള്ളൂരിലും നടക്കാവിലും കാഞ്ഞങ്ങാട്ടും ആഴ്ചച്ചന്തകളിൽ മൺകലം വിൽപനക്കാർ ധാരാളമായി എത്തുമായിരുന്നു. എരിക്കുളം, പെരിയയിലെ കായക്കുളം എന്നിവിടങ്ങളാണ് ജില്ലയിലെ പ്രധാന കലം നിർമാണ സ്ഥലങ്ങൾ. എരിക്കുളത്തെ മൺകല നിർമാണത്തിന് വിഷുവുമായി ആത്മബന്ധമുണ്ട്.

നന്നായി പരുവപ്പെടുത്തിയ കളിമണ്ണാണ് പാത്രം നിർമിക്കാൻ ഉപയോഗിക്കുന്നത്. കളിമണ്ണ് വിഷുവിന്റെ അടുത്ത നാളിലാണ് വയലുകളിൽനിന്ന് ശേഖരിക്കുക. വിഷു കഴിഞ്ഞ തൊട്ടടുത്ത ദിവസംമുതൽ ഒരാഴ്ചയ്ക്കുള്ളിൽ തൊഴിലാളികൾ ആവശ്യമായ മണ്ണ് വീട്ടുമുറ്റത്ത്‌ തയ്യാറാക്കിയ സ്ഥലത്തെത്തിക്കും. കളിമണ്ണ് എടുത്ത കുഴി പുറമേനിന്ന്‌ മണ്ണ് കൊണ്ടുവന്ന്‌ നികത്തുന്നതും തൊഴിലാളികളാണ്. കുടുംബമൊന്നാകെ കലം നിർമാണത്തിൻ്റെ ഭാഗമാകും.

പടം// എരിക്കുളത്ത് വിഷുവിന് കണ്ടിയൊരുക്കാൻ തയ്യാറാക്കിയ കണിച്ചട്ടികൾ