ഇരിട്ടി: ഇരിട്ടിയിലെ രണ്ട് ലോഡ്ജുകളിലായി സജ്ജീകരിച്ച കൊവിഡ് 19 കെയർ സെന്ററുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞവർ വീട്ടിലേക്ക് മടങ്ങി. 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ ഇവർക്ക് നഗരസഭാ ചെയർമാൻ പി.പി. അശോകൻ, പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ ആരോഗ്യ പ്രവർത്തകർ, താലൂക്ക്, റവന്യൂ വിഭാഗങ്ങൾ, ജോയിന്റ് ആർ.ടി.ഒ , പൊലീസ് എന്നിവർ ചേർന്ന് യാത്രയയപ്പു നൽകി.

ലോക്ക് ഡൗൺ ദിനത്തിൽ സംസ്ഥാനാതിർത്തിയായ കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റിൽ എത്തിയ ഇവരെ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ഇരിട്ടിയിലെ എം.ടു.എച്ച്, മാടത്തിൽ സെറാനോ എന്നീ ലോഡ്ജുകളിൽ നിരീക്ഷണത്തിൽ വയ്ക്കുകയായിരുന്നു.

3 ഡോക്ടർമാർ, 2 അമ്മമാർ , 2 വയസ്സുള്ള കുട്ടി അടക്കം 3 കുട്ടികൾ ഉൾപ്പെടെ 40 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 33 പേരുടെ നിരീക്ഷണ കാലാവധിയാണ് ബുധനാഴ്ച പൂർത്തിയായത്. ബാക്കി 7 പേരുടെ നിരീക്ഷണ കാലവധി 4 ദിവസം കൊണ്ട് പൂർത്തിയാകും. ഇവിടെ കാലാവധി പൂർത്തിയായവർ 14 ദിവസം കൂടി വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്‌.