കാസർകോട്: കാസർകോട് ജില്ലയിൽ സജ്ജമാക്കിയ അതിനൂതന കൊവിഡ് 19 ആശുപത്രിയിൽ എട്ട് രോഗികളെ അഡ്മിറ്റാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ ദിവസം ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേരേയും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേരേയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

200 പേരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ഇവിടെ ഒരുക്കിയത്. കൊവിഡ് രോഗം സ്ഥിരീകരിച്ചവർക്കുള്ള വിദഗ്ധ ചികിത്സയ്ക്കായാണ് ഈ ആശുപത്രി രൂപകൽപന ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച രോഗികളെ മാത്രമാണ് ഇവിടെ അഡ്മിറ്റാക്കുന്നത് .ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിക്കുന്നതിനായി കാസർകോട് ജനറൽ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ഐ.സി.യു. സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെയാണ് കൊവിഡ് ആശുപത്രിയിലും ഐ.സി.യു. ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 26 അംഗ സംഘവും കാസർകോട്ടെ 17 അംഗ സംഘവും ചേർന്നാണ് ചികിത്സ നടത്തുന്നത്. ജില്ലാ കളക്ടർ ഡോ. സജിത് ബാബുവിന്റെ ഏകോപനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എസ് എസ് സന്തോഷ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രാമൻ സ്വാതിവാമൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം കൂടിയാണ് ആശുപത്രിയിൽ രജിസ്‌ട്രേഷൻ, ട്രയേജ്, പരിശോധനാ മുറികൾ, വാർഡ്, ഫാർമസി, മരുന്നുകൾ, ലാബ്, സ്റ്റോർ, ഹൗസ് കീപ്പിംഗ്, എന്നിവ ക്രമീകരിച്ചത്. ഇതുകൂടാതെ എല്ലാ ജീവനക്കാർക്കും ബേസിക് ഇൻഫെക്ഷൻ കൺട്രോൾ, പി.പി.ഇ. എന്നിവയിൽ പരിശീലനം നൽകി.

24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരുടേയും ഡ്യൂട്ടി നിശ്ചയിച്ചു. രോഗികളുടെ സ്രവം പരിശോധനയ്ക്ക് എടുക്കുന്ന ടെസ്റ്റിംഗ് സെന്ററും തയ്യാറാക്കി.


108ൽ എത്തിക്കും
ജില്ലയിൽ വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിലുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ 108 ആംബുലൻസിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഇവരെ കൊവിഡ് ആശുപത്രിയിലെത്തിക്കും. ഇതുകൂടാതെ വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസും 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്.


ബൈറ്റ്


തുടക്കത്തിൽ 200 കിടക്കകളാണ് ഒരുക്കുന്നതെങ്കിലും രോഗികൾ കൂടിയാൽ 400 പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കാനാകും

മന്ത്രി കെ.കെ.ശൈലജ