പയ്യന്നൂർ: ആചാര സ്ഥാനീകർക്കും കോലധാരികൾക്കും അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് വാണിയ സമുദായ സമിതി സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. കൊവിഡ് -19 വ്യാപനം മൂലം തറവാടുകളും കാവുകളും അടച്ചിടുകയും കളിയാട്ടങ്ങളും പൂരോത്സവങ്ങളും അടക്കം എല്ലാ ആഘോഷങ്ങളും മാറ്റിവെക്കുകയും ചെയ്തിരിക്കുന്നതിനാൽ ഇവർ നിത്യവൃത്തിക്ക് പോലും വരുമാനം ഇല്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സർക്കാർ നൽകിവരുന്ന പെൻഷൻ കഴിഞ്ഞ 11 മാസമായി കുടിശികയാണ് ഈ വരുന്ന വിഷുവിന് മുമ്പായി തന്നെ അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും തുക എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സത്യൻ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ വി.സി.നാരായണൻ, ചന്ദ്രൻ.നാലപ്പാട്, വിജയൻ, ജനറൽ സെക്രട്ടറി കെ.വിജയൻ , ട്രഷറർ ഷാജി കുന്നാവ് സെക്രട്ടറിമാരായ കെ.വി.പ്രദീപ് കുമാർ, അഡ്വ.പയ്യന്നൂർ ഷാജി, സുകുമാരൻ കുറുമാത്തൂർ, ബാബു വാരം, മോഹനൻ ചെറുവാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.