thasleema
കർണാടകയിൽ ചികിത്സ കിട്ടാതെ മടങ്ങിയ കാസർകോട് തളങ്കരയിലെ തസ്ലീമ (ഇടത്ത് ) തസ്ലീമയെ മലയാളി ഡോക്ടർമാർ അതിർത്തിയിൽ ആംബുലൻസിൽ വെച്ച് പരിശോധിക്കുന്നു

കാസർകോട്: 16 ദിവസത്തെ കടുംപിടിത്തത്തിന് ശേഷം കർണാടക പൊലീസ് അതിർത്തി തുറന്നു കൊടുത്തെങ്കിലും ഗുരുതര രോഗം ബാധിച്ച മലയാളി വീട്ടമ്മയ്ക്ക് മംഗളൂരുവിൽ ചികിത്സ ലഭിച്ചില്ല. കാസർകോട് തളങ്കര സ്വദേശി തസ്‌ലീമയാണ് ക്രൂരതയ്ക്ക് ഇരയായത്.

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് അതിർത്തിയിലെത്തിയ ഇവരെ ആംബുലൻസിൽ നിന്ന് ഇറക്കി കർണാടകം നിയോഗിച്ച മെഡിക്കൽ സംഘം പരിശോധിച്ച ശേഷം കടത്തിവിട്ടു. പക്ഷേ, നേരത്തെ ചികിത്സിച്ചിരുന്ന ആശുപത്രിയിലേക്ക് അയയ്ക്കാതെ മറ്റൊരിടത്ത് പോകാനാണ് അനുമതി നൽകിയത്. അവിടെ എത്തി മണിക്കൂറുകളോളം കാത്തു നിന്നെങ്കിലും ആശുപത്രി അധികൃതർ ചികിത്സ നൽകാത്തതിനെ തുടർന്ന് തിരിച്ചു പോരേണ്ടിവന്നു.

തലയിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തിന് നാളുകളായി മംഗളൂരു ഇന്ത്യാന ആശുപത്രിയിലാണ് ഇവർ ചികിത്സ നേടിയിരുന്നത്. ഇവരെ ഇന്നലെ ഉച്ചയോടെയാണ് ആംബുലൻസിൽ തലപ്പാടിയിൽ എത്തിച്ചത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി ഡോക്ടർമാർ ഇവരെ പരിശോധിച്ച് നിബന്ധനകൾ പ്രകാരമുള്ള സർട്ടിഫിക്കറ്റ് നൽകി. അതിർത്തിക്കപ്പുറം കർണാടകയിലെ മെഡിക്കൽ സംഘവും പരിശോധിച്ച് പോകാൻ അനുമതി നൽകി. പക്ഷേ, ദേർളക്കട്ട കെ.എസ്. ഹെഗ്‌ഡെ മെഡിക്കൽ കോളേജിലേക്ക് പറഞ്ഞു വിടുകയായിരുന്നു.

ഉറപ്പ് കടലാസിൽ

കാസർകോട്ട് നിന്നുള്ള രോഗികളെ തലപ്പാടി അതിർത്തി കടത്തിവിടാമെന്ന ധാരണയാണ് കർണാടകം ലംഘിക്കുന്നത്. സർക്കാരിന്റെ ഉറപ്പിൽ വിശ്വസിച്ച് ഇന്നലെ ചെങ്ങന്നൂരിലെ രോഗിയുമായി എത്തിയ ആംബുലൻസും അതിർത്തിയിൽ തടഞ്ഞിരുന്നു. മംഗളൂരുവിൽ എത്തിച്ചാലും ചികിത്സിക്കാൻ ആശുപത്രികൾ തയ്യാറല്ലെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തുന്നുമുണ്ട്. അതിർത്തി കടത്തിവിടാനുള്ള നിബന്ധനകൾ അശാസ്ത്രീയമാണെന്ന് ആദ്യ ദിവസം തന്നെ വ്യക്തമായിരുന്നു. അടിയന്തര ഘട്ടത്തിലുള്ള രോഗിക്ക്, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകലും അതിർത്തിയിൽ പരിശോധനയും ആംബുലൻസ് മാറ്റുന്നതും അപ്രായോഗികമാണ്. കേരള സംഘത്തിൽ നാല് ഡോക്ടർമാരാണുള്ളത്. കർണാടക സംഘത്തിൽ രണ്ട് ഡോക്ടർമാരും.