കാഞ്ഞങ്ങാട്:കൊവിഡ് 19കാരണം ലോക്ക് ഡൗൺ നിലവിലുള്ളതിനാൽ ഇപ്രാവശ്യത്തെ പൂരവും പൂരക്കളിയും മറുത്തുകളിയും അനുബന്ധ ചടങ്ങുകളും മുടങ്ങിയതിനാൽ ഏറെ പ്രയാസമനുഭവിക്കുന്ന മറുത്തുകളി പണിക്കർമാരുടെ കാര്യത്തിൽ ക്ഷേത്ര ഭരണ സമിതിയും പൂരക്കളി സംഘവും അനുകൂല തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും കൂട്ടികൊണ്ടുപോകാത്ത പണിക്കർമാരുടെ കാര്യത്തിലും നിശ്ചയിച്ച ക്ഷേത്രക്കാർ ഇതേ നിലപാടുകൾ എടുക്കണമെന്നും കേരള പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി മോഹനൻ, മലബാർ ദേവസ്വം ബോർഡ് റീജിണൽ ചെയർമാൻ ഡോ.സി.കെ നാരായണൻ പണിക്കർ എന്നിവർ അഭ്യർ ത്ഥിച്ചു.
. നേരെത്തെ നിശ്ചയിച്ച പ്രകാരം മാർച്ച് ആദ്യ വാരത്തിൽ തന്നെ പല ക്ഷേത്രങ്ങളിലേക്കും മറുത്തുകളിക്കുവേണ്ടി പണിക്കർമാരെ കൂട്ടികൊണ്ടുപോവുകയും ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. നിശ്ചയിച്ച കുറച്ച് ക്ഷേത്രങ്ങളിൽ മാത്രമേ കൊണ്ടുപോകാൻ ബാക്കി ഉണ്ടായിരുന്നുള്ളു. പൂരക്കളി പണിക്കർമാർക്ക് കൊല്ലത്തിൽ ആകെ ഉള്ള ഒരു വരുമാനം മറുത്തുകളിയിൽ നിന്നും ലഭിക്കുന്നത് മാത്രമാണ്. മറുത്തു കളിക്കുവേണ്ടിയുള്ള പഠനവും തയ്യാറെടുപ്പും ഏറെ പ്രയാസമേറിയതുമാണ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുമാണ് പണിക്കർമാർ.. ജീവിതവും സാഹചര്യവും. അതുകൊണ്ട് അവരുടേതല്ലാത്ത കാരണങ്ങളാൽ മുടങ്ങിപ്പോയ മറുത്തുകളിയുടെ പേരിൽ അവക്ക് നൽകുന്ന ദക്ഷിണയുടെ കാര്യത്തിൽ പരിഗണന നൽകണമെന്നും ഇരുവരും അഭ്യർത്ഥിച്ചു.