120 രൂപ

കണ്ണൂർ: അതിർത്തി കടക്കാൻ ഡിമാന്റ് കാട്ടുന്ന പച്ചക്കറികളും വിഷം കലർന്നതും ചീഞ്ഞളിഞ്ഞതുമായ മത്സ്യവും വേണ്ടെന്ന് വച്ച മലയാളികൾ കൂട്ടമായി ചിക്കൻ വീടുകളിലേക്ക് വാങ്ങുന്നതോടെ വില കുതിക്കുന്നു. രണ്ടുദിവസമായി 120 രൂപയാണ് ചിക്കൻ സ്റ്റാളുകളിലെ വില്പന വില. ലോക്ക് ഡൗൺ കാലത്ത് ചിക്കന് പ്രിയം പെട്ടെന്നു കൂടിവരികയായിരുന്നു. ഇതോടെയാണ് കർഷകരും വ്യാപാരികളും ആശ്വാസത്തിലായിരിക്കുന്നത്.

കൊവിഡ്- 19 ഭീതി ഉടലെടത്ത സമയത്ത് പക്ഷിപ്പനി ഭീതി കൂടി ഉടലെടുത്തതോടെയാണ് ചിക്കന് വൻവിലത്തകർച്ചയുണ്ടായത്..കിലോയ്ക്ക് 40 രൂപയിലേക്ക് കൂപ്പുകുത്തിയപ്പോൾ നമ്മുടെ നാട്ടിലെ കർഷകർ 20 രൂപയിൽ താഴെ വില്പന നടത്തേണ്ടിവന്നു, ഇവർക്ക്. വലിയ പ്രതീക്ഷയിൽ തുടങ്ങിയ പല ഫാമുകാരും കിട്ടിയവിലയ്ക്ക് കോഴികളെ വിറ്റൊഴിവാക്കി. ഇപ്പോൾ ഇവർക്ക് 85 രൂപ വരെ കിലോയ്ക്ക് ലഭിക്കുന്നുണ്ട്.

കോഴിക്കോട് പക്ഷിപ്പനിയായതിനാൽ ഇതുവഴിയുള്ള തമിഴ്നാട് കോഴികളെത്തുന്നത് നിലച്ചു. പിന്നാലെ മൈസൂരിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത് കർണാടകയിൽ നിന്നുള്ള വരവിനെയും ബാധിച്ചു. എങ്കിലും ഇക്കാലത്തെ ഹോട്ടലുകളിൽ തിരക്ക് കുറഞ്ഞതിനാൽ ചിക്കന് ആവശ്യം കുറഞ്ഞു. കൊവിഡ് 19ന്റെ ഭാഗമായി നാട് ലോക്ക്ഡൗണിലായപ്പോഴേക്കും ചിക്കന് ഉണർവായി. ആദ്യനാളുകളിൽ തന്നെ മത്സ്യം ലഭിക്കാതായതോടെ ആളുകൾ ചിക്കനിലേക്ക് തിരിഞ്ഞു. പച്ചക്കറി ഡിമാന്റും കൂടിയായതോടെ ചിക്കൻ സ്റ്റാറായി. ഇപ്പോൾ ചിക്കൻ സ്റ്റാളുകളിൽ ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നതിന്റെ പ്രശ്നമേയില്ല. വീടുകളിലേക്ക് തന്നെ വില്പന പൊടിപൊടിക്കുകയാണ്. 50 കിലോയോളം സാധാരണയിലും വില്പന കൂടിയതായാണ് പറയുന്നത്.

വില കുതിക്കും

ചിക്കൻ വില കഴിഞ്ഞ രണ്ടുദിവസം കൊണ്ടാണ് 20 രൂപ കൂടിയത്. നിലനിലെ സ്ഥിതിയനുസരിച്ച് ഇനിയും കൂടാൻ തന്നെയാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ചില്ലറ ക്ഷാമവും നേരിടുന്നുണ്ട്. കയറ്റുമതിയും ആഭ്യന്തരവിപണിയും നേരത്തെ കുത്തനെ ഇടിഞ്ഞതോടെ തമിഴ്നാട്ടിൽ ഉത്പാദനം കുറച്ചിരുന്നു. നമ്മുടെ നാട്ടിലെ ഫാമുകളിലെ കുറേ കോഴികളെ പക്ഷിപ്പനിയെ തുടർന്ന് കൊന്നൊടുക്കുകയും ചെയ്തു. ലോക്ക്ഡൗണിൽ കോഴിത്തീറ്റയ്ക്ക് ക്ഷാമവും നേരിടുന്നുണ്ട്.

ഇപ്പോൾ തമിഴ്നാട്ടിൽ തന്നെ ദിവസവും 10 രൂപ വരെ വില കമ്പനികൾ വർദ്ധിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ വൈകാതെ വില 150ലെത്തും.

ബൈറ്റ്

ചിക്കൻ വില്പനയിൽ 50 കിലോയോളം രൂപയുടെ വർദ്ധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. എന്നാൽ കോഴി വില വല്ലാതെ കൂടിയാൽ അത് വ്യാപാരത്തെ ബാധിക്കും.

എതിൻ കോട്ടായി,

ബ്രദേഴ്സ് ചിക്കൻ സ്റ്റാൾ,

കൂത്തുപറമ്പ്