മട്ടന്നൂർ: പച്ചക്കറി വാഹനത്തിൽ 25 ചാക്കുകളിലാക്കി കടത്താൻ ശ്രമിച്ച 50000 പാക്കറ്റ് ലഹരിവസ്തുക്കൾ
മട്ടന്നൂരിൽ എക്സൈസ് സംഘം പിടികൂടി. പത്തൊമ്പതാം മൈലിൽ വച്ചാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. കർണാടകയിൽ നിന്ന് ഉള്ളി കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിൽ നിന്നാണ് ഇവ കണ്ടെടുത്തത്
മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടെ പത്തൊമ്പതാം മൈൽ - വെളിയമ്പ്ര റോഡിലേക്ക് പച്ചക്കറി കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പ് നിർത്തി ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉള്ളി ചാക്കുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ ഹാൻസ്, കൂൾലിപ് എന്നിവയുടെ പായ്ക്കറ്റുകൾ കണ്ടെടുത്തത്. പിക്കപ്പ് ജീപ്പ് ഡ്രൈവർക്ക് വേണ്ടി അന്വേഷണം നടത്തി വരികയാണെന്നും പരിശോധന ശക്തമാക്കിയതായും എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷ് പറഞ്ഞു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ട്, പി.കെ. അനിൽ കുമാർ, കെ.കെ. ഷാജി, സിവിൽ എക്സൈസ് ഓഫീസർ പി. ശ്രീനാഥ്, പി.പി.സുഹൈൽ എന്നിവർ പങ്കെടുത്തു.