കണ്ണൂർ: കൊവിഡ് 19 കാരണമുള്ള മത്സ്യലഭ്യതയിലെ കുറവ് മുതലെടുക്കാൻ എത്തിച്ച 1300 കിലോഗ്രാം അഴുകിയ മത്സ്യങ്ങൾ ഇന്നലെ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരം, അഴീക്കൽ എന്നിവിടങ്ങളിൽ വച്ചായിരുന്നു ഇന്നലെ ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ പിടികൂടിയത്. കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൗത്ത് റെയിൽവേ സ്റ്റേഷന് പിന്നിലെ പറമ്പിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിയിൽ നിന്ന് 300 കിലോഗ്രാം ചെമ്മീൻ പിടികൂടിയത്.
ഇതിൽ ഫോർമാലിൻ കലർത്തിയതായും പഴകിയതാണെന്നും കണ്ടെത്തി. മൂന്ന് നാല് ദിവസമായി ഈ ലോറിയിൽ നിന്ന് ചെമ്മീൻ ചെറുവാഹനങ്ങളിൽ വില്പനയ്ക്കായി കൈമാറിക്കൊണ്ടിരിക്കുന്നുണ്ടെന്നാണ് ലഭിച്ച വിവരം. അഴീക്കലിൽ സിൽക്കിന് സമീപത്തായി ഒരു ഐസ് ഫാക്ടറിയുടെ പരിസരത്താണ് 1000 കിലോഗ്രാം പഴകിയ വലിയ മോത മത്സ്യം പിടികൂടിയത്. അഴീക്കോട് പി.എച്ച്.സിയിലെ ഹെൽത്ത് സൂപ്പർവൈസർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അസി. കമ്മിഷണർ പി.കെ ഗൗരീഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇത് ലോക്ക്ഡൗണിന് മുമ്പ് പിടികൂടി സൂക്ഷിച്ചതായാണ് വിവരം ലഭിച്ചത്. മത്സ്യങ്ങൾ കുഴിയെടുത്ത് മൂടി. കോഴിക്കോട് മൊബൈൽ വിജിലൻസിലെ ഫുഡ് സേഫ്റ്റി ഓഫീസർമാരായ വിനോദ് കുമാർ, സുജയൻ, ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് സുനിൽദത്ത് തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു.