മാഹി:കൊറോണ ബാധ സ്ഥിരീകരിച്ച മാഹി ചെറുകല്ലായി സ്വദേശി ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതായി റിപ്പോർട്ട് കോവിഡ്19 സ്ഥിരീകരിച്ച ചെറുകല്ലായി സ്വദേശിയായ 71കാരൻ ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ഒട്ടേറെ പേരുമായി സമ്പർക്കം പുലർത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഈയാളുടെ നില ആശങ്കാജനകമാണ്.
മാർച്ച് 15 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ എംഎം ഹൈസ്‌കൂൾ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. 18 ന് പന്ന്യന്നൂർ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിന് പങ്കെടുക്കുന്നതിനായി മരുമകന്റെ കൂടെ മാഹിപാലം വരെ ബൈക്കിൽ യാത്ര ചെയ്ത ഇദ്ദേഹം പതിനൊന്ന് പേരോടൊപ്പം ടെമ്പോ ട്രാവലറിലാണ് ചടങ്ങിനെത്തിയത്. വിവാഹ നിശ്ചയിച്ച ചടങ്ങിൽ വധൂവരൻമാരുടെ ഭാഗത്തുനിന്നുള്ള 45ലേറെ പേർ പങ്കെടുത്തതായാണ് വിവരം. അന്നു തന്നെ ഇദ്ദേഹം മറ്റു 10 പേർക്കൊപ്പം എരൂർ പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുത്തു. ആ സമയത്ത് പള്ളിയിൽ മറ്റ് ഏഴു പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
മാർച്ച് 23ന് നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട ഇദ്ദേഹം 26ന് മരുമകനും അമ്മാവന്റെ മകനുമൊപ്പം തലശ്ശേരിയിലെ ടെലിമെഡിക്കൽ സെന്ററിലെത്തി ഡോക്ടറെ കണ്ടു. മാർച്ച് 30ന് വീണ്ടും ഇദ്ദേഹം ടെലി മെഡിക്കൽ സെന്ററിലെത്തി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങി. 31ന് ശ്വാസതടസ്സം അനുഭവപ്പെട്ട ഇദ്ദേഹം രാവിലെ 11 മണിക്ക് തലശ്ശേരി ടെലിമെഡിക്കൽ സെന്ററിലെത്തി ഐ.സി.യുവിൽ അഡ്മിറ്റായി. അസുഖം മൂർച്ഛിച്ചതോടെ അന്നു വൈകന്നേരം 4 മണിക്ക് തലശ്ശേരി കോഓപ്പറേററീവ് ആശുപത്രിയിലെ ആംബുലൻസിൽ കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തി അഡ്മിറ്റാവുകയും ഏപ്രിൽ ആറിന് സ്രവപരിശോധനക്ക് വിധേയനാവുകയുമായിരുന്നു. കൊറോണ സംശയത്തെ തുടർന്ന് ക്വാറന്റൈനിൽ കഴിയുന്ന അമ്മാവന്റെ മക്കളിലൊരാൾ ഇദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
രോഗബാധിതനായി മാഹി സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെടാൻ സാദ്ധ്യതയുള്ള മുഴുവൻ ആളുകളും പ്രത്യേക ജാഗ്രത പുലർത്തുകയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്യാൻ ശ്രദ്ധിക്കുകയും വേണമെന്ന് മാഹി ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ ടെലി ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ള ജീവനക്കാരും നിരീക്ഷണത്തിലാണുള്ളത്.
പുതച്ചേരി സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത് അഞ്ച് പേർക്കാണ് .അരിയംകുപ്പം സ്വർണ്ണനഗറിൽ മൂന്ന് പേരും തിരുവട്ടാർ കോവിലിനടുത്ത് ഒരാളുമാണ് ഗുരുതരാവസ്ഥയിലുള്ള മാഹി സ്വദേശിക്ക് പുറമെ രോഗം ബാധിച്ചവർ. മാഹി ഹോസ്പിറ്റൽ നിന്ന് ടെസ്റ്റ് ചെയ്ത ചെറുകല്ലായി സ്വദേശിയുടെ കുടുംബത്തിലെ പതിനൊന്ന് പേരുടേയും പരിശോധനാഫലം നെഗറ്റീവാണ്.
കിരൺബേദിയുടെ മുപ്പത് ശതമാനം ശമ്പളം കൊറോണാ ദുരിത ഫണ്ടിന്
മാഹി: തന്റെ ശമ്പളത്തിലെ മുപ്പത് ശതമാനം കൊറോണാ ദുരിതാശ്വാസ ഫണ്ടിന് നൽകാൻ തയ്യാറാണെന്ന് ലെഫ്:ഗവർണ്ണർ ഡോ: കിരൺബേദി .രാഷ്ട്രപതിക്കയച്ച കത്തിൽ അറിയിച്ചു. ഒരു വർഷക്കാലം ശമ്പളത്തിലെ 30 ശതമാനം ഫണ്ടിലേക്ക് നൽകാമെന്നാണ് കിരൺബേദി അറിയിച്ചത്.
സൗജന്യ അരി വിതരണം 10 മുതൽ
മാഹി ..പുതച്ചേരി സംസ്ഥാനത്തിലെ വരുമാന പരിധിക്ക് താഴെയുള്ളവർക്ക് ആൾക്ക് 5കിലോ അരിയും,ഒരു കാർഡിന് ഒരു കിലോ പരിപ്പും ഏപ്രിൽ 10 മുതൽ വീടുകളിലെത്തിക്കുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി എം. കന്തസാമി അറിയിച്ചു .കേന്ദ്ര സർക്കാരാണ് മൂന്ന് മാസത്തെ അരിയും പരിപ്പും നൽകുന്നത്.1,78,000 കാർഡുകൾക്ക് സൗജന്യ അരി ലഭിക്കും.
കൊവിഡ് നിയന്ത്രണം ഫലപ്രദമെന്ന് അവലോകനയോഗം
തലശ്ശേരി : മേഖലയിൽ കൊവിഡ് പ്രതിരോധ പരിപാടികൾ ഫലപ്രദമെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പീയുഷ് നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ജനറൽ ആശുപത്രിയിൽ യോഗം ചേർന്ന യോഗം വിലയിരുത്തി. സൂപ്രണ്ട് മുതൽ ആീബുലൻസ് ഡ്രൈവർമാർ വരെയുള്ളവരുടെ നല്ല രീതിയിലുള്ള പ്രവർത്തനം കൊണ്ടാണ് രോഗം നിയന്ത്രിക്കാൻ സാധിച്ചെന്ന് കെ..മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു.
വളരെ സമർത്ഥമായാണ് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത്. എം. പി മാരുടെ ഫണ്ടിന്റെ തടസ്സം നീങ്ങിയാലുടൻ തലശ്ശേരി ജനറൽ ആശുപത്രിക്ക് ഒരു കോടി രൂപ അനുവദിക്കുമെന്നും മുരളീധരൻ എം. പി കൂട്ടിച്ചേർത്തു.
ഭക്ഷ്യവസ്തുക്കൾ നൽകി
തലശ്ശേരി : മണ്ണയാട് സി. എച്ച് സെന്ററിലെ അന്തേവാസികൾക്ക് ഡി.സി. സി ജനറൽ സെക്രട്ടറി അഡ്വ. സി.ടി സജിത്ത് ഒരു മാസത്തേക്കുള്ള അരിയും പല വ്യഞ്ജനങ്ങളും കൈമാറി. സെന്റർ സെക്രട്ടറിയും
മുസ്ലിം ലീഗ് നേതാവ് അഡ്വ. കെ. എ ലത്തീഫ് , കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഇ.വിജയകൃഷ്ണൻ, സിന്ദീപ് കോടിയേരി എന്നിവരും സംബന്ധിച്ചു.
ന്യൂ മാഹി, പന്ന്യന്നൂർ, ചൊക്ലി പഞ്ചായത്തുകളിൽ അഞ്ച് ദിവസം സമ്പൂർണ അടച്ചിടൽ
തലശ്ശേരി:കൊറോണ ബാധ സ്ഥിരീകരിച്ച ന്യൂ മാഹി സ്വദേശി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് ന്യൂ മാഹി, പന്ന്യന്നൂർ, ചൊക്ലി പഞ്ചായത്തുകളിൽ അഞ്ച് ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്നലെ തന്നെ ഇതിനായുള്ള ഓർഡർ ജില്ലാ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ് പുറപ്പെടുവിച്ചിരുന്നു. ആശയക്കുഴപ്പം നിലനിന്നിരുന്നതിനാൽ ഒരുദിവസം ഇളവ് അനുവദിക്കുകയായിരുന്നു.
ഇന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം വിളിച്ചു ചേർത്ത യോഗത്തിൽ ആണ് ലോക്ക് ഡൗൺ ശക്തമായി നടപ്പാക്കണമെന്ന തീരുമാനമായത്. ഇതോടെ പഞ്ചായത്തുകളിലെ മത്സ്യഇറച്ചി സൂപ്പർ മാർക്കറ്റുകൾ എന്നിവ പൂർണ്ണമായും അടച്ചിടും. മെഡിക്കൽ ഷോപ്പുകൾ അനാദികടകൾ എന്നിവ മാത്രം തുറക്കാൻ അനുവദിക്കും. ഇവിടങ്ങളിൽ നേരിൽ ചെന്ന് സാധനങ്ങൾ വാങ്ങാൻ അനുമതിയില്ല. പകരം ഹോം ഡെലിവറി സൗകര്യം ഏർപ്പെടുത്തും. രോഗവ്യാപനം തടയാൻ മുന്നറിയിപ്പുമായി എനൗൺസ്‌മെന്റ് വാഹനങ്ങൾ റോഡിലിറക്കും.